എന്താണ് നാഗാസ്ത്രം? എവിടെനിന്നാണ് അതിന്റെ ഉല്‍പ്പത്തി. നാഗാസുരന്‍ എന്ന അസുരനെ സംഹരിക്കാനായി ബ്രഹ്മാവ് ഒരു യാഗം ചെയ്തു. അതില്‍നിന്ന് ഉത്ഭവിച്ച നാഗത്തിന് ത്രിമൂര്‍ത്തികളും ചേര്‍ന്ന് സര്‍വശക്തിയും അനുഗ്രഹവും നല്‍കി നാഗാസുരനെ വധിക്കാന്‍ പറഞ്ഞു. നാഗം ചെന്ന് നാഗാസുരനെയും നാഗാസുര സൈന്യത്തെയും നിഗ്രഹിച്ചുവരുന്നു-എല്ലാവര്‍ക്കും സന്തോഷമായി. പിന്നെ ഭഗവാന്‍ പരമേശ്വരന്‍ തന്നെ കണ്ഠത്തില്‍ ആഭരണമായും അണിഞ്ഞു.
ദിവസം കുറെ കഴിഞ്ഞ ശേഷം നാഗത്തിന് മനസ്സില്‍ ഒരാഗ്രഹം ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചുവരണം എന്ന മോഹം ഭഗവാനോടു പറഞ്ഞു. അപ്പോള്‍ ഭഗവാന്‍ നാഗത്തോടു പറഞ്ഞു. ശാല്മല ദ്വീപിലേയ്‌ക്ക് മാത്രം പോകരുത്. ശരി എന്നു പറഞ്ഞ് നാഗം സന്തോഷത്തോടെ യാത്ര തുടങ്ങി. ലോകമെല്ലാം കറങ്ങി തിരിച്ചെത്തിയപ്പോള്‍ നാഗത്തിന്ദ്വീപിനെ കുറിച്ചു ഓര്‍മവന്നു. എന്താണ് സ്വാമി അവിടേക്കു പോകേണ്ട എന്നുപറയാന്‍ കാരണം ഞാന്‍ ത്രിമൂര്‍ത്തികള്‍ക്കും സാധിക്കാത്ത നാഗാസുരനെ വധിച്ചവനാണ്. എന്ന് സ്വന്തം ശക്തിയില്‍ അഹങ്കരിച്ചു.
താമസിയാതെ ശാല്മല ദ്വീപിലേക്ക്‌പോയി. അവിടെ കണ്ട കാഴ്ച. അനേകമായിരം സര്‍പ്പങ്ങള്‍ വ്യസനിച്ചുകൊണ്ടിരിക്കുന്നു. ആ സമയത്താണ് നാഗം അവിടെ എത്തിച്ചേര്‍ന്നത്. നാഗം സര്‍പ്പങ്ങളോടു പറഞ്ഞു. എന്താണ് എന്നെ കണ്ടു നിങ്ങള്‍ ബഹുമാനിക്കാത്തത് ഞാന്‍ ആരാണെന്ന് അറിയാമോ? നിങ്ങളുടെയൊക്കെ രാജാവാണ് എന്നതു കേട്ട് സര്‍പ്പങ്ങളെല്ലാം ചേര്‍ന്ന് പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങളുടെ ശത്രുവായ ഗരുഡന്‍ വന്ന് അവനു വേണ്ട സര്‍പ്പങ്ങളെ ഒക്കെ കൊത്തി എടുത്തു പോകും.
ആ ദിവസം ഇന്നാണ് ആ ഗരുഡനെ ജയിച്ചു ഞങ്ങളെ രക്ഷിക്കാമെങ്കില്‍ ഞങ്ങളെല്ലാവരും അടിയനെ ബഹുമാനിക്കാം എന്നായി. ആവൂ ഇത്രയേ ഉള്ളൂ എന്ന പറഞ്ഞിരിയ്‌ക്കുന്ന നേരത്ത് കൊടുങ്കാറ്റു കണക്കെ അതാ എത്തി ഗരുഡന്‍. സങ്കല്‍പ്പങ്ങളെല്ലാം പേടിച്ചുവിറച്ചു. എന്നാല്‍ നാഗം ഫണം ഉയര്‍ത്തി ഗരുഡനോടു യുദ്ധം ആരംഭിച്ചു. അവസാനം നാഗം തളര്‍ന്ന് അവശതയിലായി. പിന്നെ ഒട്ടും താമസിച്ചില്ല. ഗുഹയിലൂടെയും മാളങ്ങളിലൂടെ ഭഗവാന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നു.
ഭഗവാനോടു കാര്യങ്ങള്‍ എല്ലാം പറഞ്ഞു അഭയം തേടി. ആ സമയം അതാ വരുന്നു ഗരുഡന്‍ സ്വാമിയോടു ചോദിക്കുന്നു. ഇത് എന്റെ ഭക്ഷണമാണ് അതിനാല്‍ എനിക്ക് വിട്ടുതരിക എന്ന് അപേക്ഷിച്ച് അതിന് ഭഗവാന്‍ പരമശിവന്‍ മറുപടി നല്‍കുന്നു. എന്തായാലും ഇപ്പോള്‍ തരാന്‍ സാധ്യമല്ല. കാരണം ഞാന്‍ ഇവന് അഭയം നല്‍കിക്കഴിഞ്ഞു. അതിനാല്‍ നിനക്ക് ഒരിക്കല്‍ അവസരംതരാം. അതും രാമാവതാരത്തില്‍ ലക്ഷ്മണനും വാനരസേനയും ഇന്ദ്രജിത്തിന്റെ നാഗാസ്ത്രത്താല്‍ മോഹാലസ്യപ്പെട്ടു കിടക്കുമ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ എത്തുമ്പോള്‍ നാഗത്തെ തനിക്ക് ഭക്ഷിക്കാം എന്നു വാക്കു നല്‍കുന്നു. അതോടെ ഗരുഡന്‍ പറന്നകന്നു.
ശുക്രമഹര്‍ഷിയുടെ സേവയാല്‍ പരമേശ്വരനെ പ്രീതിപ്പെടുത്തി ഇന്ദ്രജിത്ത് നാഗാസ്ത്രത്തെ സ്വന്തമാക്കി. ആ നാഗത്തെ അസ്ത്രമാക്കിയുള്ള അസ്ത്രം രാമ രാവണയുദ്ധത്തില്‍ ഇന്ദ്രജിത്ത് ലക്ഷ്മണനു നേരെ പ്രയോഗിച്ചു. ലക്ഷ്മണനും ലക്ഷക്കണക്കിന് വാനരസൈന്യവും അതോടെ മരിച്ചുവീണു. ഈ സമയം ദേവലോകത്തും വൈകുണ്ഠത്തിലും ഇരുട്ടു വ്യാപിച്ചു. ആ സമയം ദേവേന്ദ്രനും ദേവന്മാരും ഗരുഡനെ പ്രാര്‍ത്ഥിക്കുന്നു. ഉടനെ ഗരുഡന്‍ വായു വേഗത്തില്‍ പറന്നു വന്ന് യുദ്ധക്കളത്തില്‍ നാഗപാശത്താല്‍ ബന്ധിതരായവരെയെല്ലാം രക്ഷിക്കുന്നു. മോഹാലസ്യപ്പെട്ടു കിടക്കുന്ന ലക്ഷ്മണനെ തന്റെ മടിയില്‍ കിടത്തി ശ്രീരാമചന്ദ്ര സ്വാമി ദുഃഖത്തോടെ ഇരിക്കുന്ന കാഴ്ചയും കണ്ടു. ഉടനെ ഗരുഡന്‍ നാഗപാശത്തെ കൊത്തിയെടുത്ത് അവരെയെല്ലാം രക്ഷിച്ചു.
അതിനുശേഷം ഗരുഡന്‍ സ്വാമിയോട് പറയുന്നു. അങ്ങയെ ചുമലില്‍ ഏറ്റിയിട്ടു വളരെ കാലം കഴിഞ്ഞു. അതിനാല്‍ എന്റെ തോളിനാണെങ്കില്‍ യാതൊരു സുഖവും തോന്നുന്നില്ല. അങ്ങയെ ഒന്നെടുത്താല്‍ കൊള്ളാമെന്നുണ്ട് എന്ന മോഹം അറിയിച്ചു. അതിനു ഭഗവാന്‍ തന്റെ കാല്‍ ചുമലില്‍ വെച്ചുകൊടുക്കുന്നു. ഇതിലധികം ഇനിയെന്തുവേണം ഗരുഡനും സന്തോഷത്തോടെ വൈകുണ്ഠത്തിലേക്ക് പറന്നു.
















