ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഭാരതത്തിന് മടക്കി നല്‍കിയ ബധിരയും മൂകയുമായ ഗീത വളരെ സന്തോഷവതിയാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗീതയെ ഇന്‍ഡോറില്‍ പോയി കണ്ടിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 26ന് ഭാരതത്തില്‍ തിരിച്ചെത്തിയ ശേഷം ഗീത വളരെ സന്തോഷവതിയാണെന്നും സുഷമ പറഞ്ഞു.
എട്ട് വയസ്സുള്ളപ്പോള്‍ അബദ്ധത്തില്‍ സംജോത എക്‌സ്പ്രസ്സില്‍ കയറി അതിര്‍ത്തി കടന്ന് ലാഹോറില്‍ എത്തുകയായിരുന്നു. പത്ത് വര്‍ഷത്തോളം പാക്കിസ്ഥാനില്‍ കഴിഞ്ഞ ഗീതയെ കറാച്ചി ആസ്ഥാനമായ ഈദി ഫൗണ്ടേഷനാണ് സംരക്ഷിച്ചിരുന്നത്.
ഗീതയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് എത്തിയ ഉത്തര്‍ പ്രദേശ് സ്വദേശികളെ ഗീതയ്‌ക്ക് തിരിച്ചറിയുവാനായില്ല. ഇവര്‍ക്കാകട്ടെ മാതാപിതാക്കളാണെന്ന് തെളിയിക്കുവാനുമായില്ല. ഇപ്പോള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഗീതയെ താമസിപ്പിച്ചിരിക്കുന്നത്. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്തുവാനുള്ള അന്വേഷണം സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
















