കോഴിക്കോട്: മാനുഷിക പരിഗണ നല്‍കി വിധി പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായ നീതി നടപ്പിലാകുകയുള്ളുവെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജ് എ. ശങ്കരന്‍ നായര്‍ പറഞ്ഞു. സുപ്രിം കോടതി ജഡ്ജിയും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ജസ്റ്റീസ് വി. ബാലകൃഷ്ണ ഏറാടിയുടെ 5-ാം ചരമ വാര്‍ഷിക ദിനാചരണത്തോടബന്ധിച്ച് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കാര്യക്ഷമമാക്കുന്നതില്‍ ജസ്റ്റീസ് വി. ബാലകൃഷ്ണ ഏറാടി വഹിച്ച പങ്ക് എല്ലാ കാലത്തും ഓര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സദസ്സില്‍ ഡോ. വി.കെ.എസ്. മേനോന്‍, യോഗാചാര്യ എന്‍. വിജയരാഘവന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ലക്ഷ്യബോധവും കഠിനമായ പ്രയത്‌നവുമുണ്ടെങ്കില്‍ ജീവിത വിജയം നേടാനാകുമെന്ന് അവര്‍ പറഞ്ഞു. മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെക്രട്ടറി പത്മനാഭന്‍ വേങ്ങേരി സ്വാഗതവും വൈസ് പ്രസിഡന്റ് രാജന്‍ മണ്ടോടി നന്ദിയും പറഞ്ഞു.
















