പള്ളുരുത്തി: മുണ്ടംവേലി സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍ സമാപനപ്രദക്ഷിണത്തിനിടെ നടന്ന വെടിക്കെട്ടിനിടെ തീപ്പൊരി തെറിച്ചുവീണ് പടക്കവും വെടിക്കെട്ട് സാമഗ്രികളും കൊണ്ടുവന്ന ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. പ്രദക്ഷിണം നടന്നുകൊണ്ടിരിക്കെ നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടം. കാറ്റില്‍ തീപ്പൊരി പറന്ന് പടക്കം കൊണ്ടുവന്ന ഓട്ടോയിലേക്ക് തീ പടരുകയായിരുന്നു. ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ചു.
ഓട്ടോ പൂര്‍ണമായും കത്തിനശിച്ചു. സമീപത്ത് പാര്‍ക്കുചെയ്തിരുന്ന കാറിലുണ്ടായിരുന്ന വടുതല സ്വദേശി ജോസഫി (65)ന്റെ മുഖത്ത് പൊള്ളലേറ്റു. ഇദ്ദേഹത്തിന്റെ വാഗണര്‍ കാറിന്റെ പിന്നില്‍ തീപടര്‍ന്നെങ്കിലും നാട്ടുകാര്‍ തീയണച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ തലങ്ങും വിലങ്ങും ഓടി പലര്‍ക്കും നിലത്തുവീണ് പരിക്കേറ്റിട്ടുണ്ട്. മട്ടാഞ്ചേരിയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീയണച്ചു. തോപ്പുംപടി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പോലീസ് കേസെടുത്തു.
















