ന്യൂദല്‍ഹി: രാജ്യത്താകമാനം 50,000 കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രഗതാഗത മന്ത്രാലയം പദ്ധതി തയ്യാറാക്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വരുന്ന പദ്ധതി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ അയ്യായിരം കിലോമീറ്റര്‍ റോഡുകളുടെ നിര്‍മ്മാണവും പരിപാലനവും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നത്. ചാര്‍ധാം പദ്ധതി, സാഗരമാല പദ്ധതി എന്നിവയും 50,000 കിലോമീറ്റര്‍ പുതിയ റോഡില്‍ ഉള്‍പ്പെടുന്നുണ്ട്.
രാജ്യത്തിന്റെ അന്താരാഷ്‌ട്ര അതിര്‍ത്തികളിലൂടെയും തീരമേഖലകളിലൂടെയുമാണ് പുതിയ റോഡുകള്‍ വരുന്നത്. പുതിയ റോഡുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടപ്പു സാമ്പത്തിക വര്‍ഷം 20,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ലഭിക്കുമെന്നാണ് കേന്ദ്രഗതാഗതമന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇതിനകം തന്നെ 12,000 കോടിയുടെ പദ്ധതികള്‍ പിപിപി മാതൃകയില്‍ കൈമാറിക്കഴിഞ്ഞു. ബിഒടി മാതൃകയിലുള്ള നിര്‍മ്മാണ പ്രവൃത്തികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ദേശീയപാതകളുടെ നീളം ഒരുലക്ഷം കിലോമീറ്ററില്‍ നിന്നും ഒന്നര ലക്ഷമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതില്‍ 8,000 കിലോമീറ്റര്‍ 2016-17ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കരാറുകളില്‍ ചില ഇളവുകള്‍ നല്‍കി കൂടുതല്‍ കമ്പനികളെ ഗതാഗത മേഖലയില്‍ നിക്ഷേപം നടത്താന്‍ ആകര്‍ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഭൂരിഭാഗം നിര്‍മ്മാണപ്രവൃത്തികളും പൂര്‍ത്തിയായി ഫണ്ട് തടസ്സം നേരിടുന്ന റോഡ് പദ്ധതികള്‍ വായ്‌പയെടുത്ത് പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശവും ദേശീയപാതാ അതോറിറ്റിക്ക് കേന്ദ്രഗതാഗതമന്ത്രാലയം നല്‍കിയിട്ടുണ്ട്.
















