കൊല്‍ക്കൊത്ത: ബിജെപിയെ ചെറുക്കാനെന്ന പേരില്‍ കോണ്‍ഗ്രസിനോടു ചേരാനുള്ള നയം മാറ്റാന്‍ സിപിഎം പ്ലീനം ഒരുങ്ങി. 37 വര്‍ഷത്തിനു ശേഷം ചേരുന്ന പാര്‍ട്ടി പ്ലീനം നിലനില്‍പ്പിനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പുതുനയം സ്വീകരിക്കുന്നത്. ഇന്നലെ പ്ലീനം തുടങ്ങി.
കോണ്‍ഗ്രസിനോട് എന്നും ചാര്‍ച്ചയുള്ള സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനത്തുവന്നതോടെ മുമ്പ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് തുടങ്ങിവെച്ച കോണ്‍ഗ്രസ് ബാന്ധവവും സുദൃഢമാകാന്‍ പോകുകയാണ്. അതിനുള്ള ആത്യന്തികവും ആധികാരികവുമായ അനുമതി നേടുകയാണ് പ്ലീനത്തിലൂടെ യെച്ചൂരിയുടെ ലക്ഷ്യം.
ഇന്നലെ ഇവിടെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടത്തിയ പൊതുറാലിയില്‍ യെച്ചൂരിയും മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധ ദേവ് ഭട്ടാചാര്യയും നയ നിലപാടു വ്യക്തമാക്കി. 2016ലെ നിയമഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കുക, കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ നീക്കുക. ഇരു നേതാക്കളും കോണ്‍ഗ്രസിനെക്കുറിച്ച് അക്ഷരം എതിര്‍ത്തു മിണ്ടിയില്ല.
ബിജെപിപ്പേടി അണികളില്‍ കയറ്റി, നേതാക്കളെ ബോധ്യപ്പെടുത്തി പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ ചേര്‍ക്കുകയാണ് നയം എന്നുവ്യക്തമാക്കുന്നതാണ് നിലപാടെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പശ്ചിമ ബംഗാളില്‍ ബിജെപിയേയും മമതയേയും നേരിടാനെന്ന പേരില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ സിപിഎം സഹകരിക്കുന്നതാവും നയം. കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും സൗഹൃദ മത്സരത്തിലായിരിയ്‌ക്കും. ഇതിന് ആകെ വേണ്ടത് കോണ്‍ഗ്രസിനേക്കാള്‍ കടുത്ത ശത്രു ബിജെപിയാണെന്ന് സ്ഥാപിക്കണം. പ്ലീനത്തിലൂടെ അതിനു സാധിക്കുന്ന നയം അടിച്ചേല്‍പ്പിക്കാനാണ് യെച്ചൂരിയുടെയും അനുചരന്മാരുടെയും ആസൂത്രണം.
















