മുഹമ്മ: തുടര്‍ച്ചയായി 20 മണിക്കൂര്‍ നീണ്ടുനിന്ന രാഗമാലിക-സംഗീത അര്‍ച്ചന ആരാധകരെ ആനന്ദത്തില്‍ ആറാടിച്ചു. മുഹമ്മ 12-ാം വാര്‍ഡില്‍ ചാണിവെളി പരേതനായ കുമാരന്റെയും കാഞ്ചനവല്ലിയുടെയും മകനായ സജിസ്വരരാഗാണ് സംഗീത അര്‍ച്ചന നടത്തിയത്. മണ്ഡല മഹോല്‍സവത്തോടനുബന്ധിച്ച് ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ 3 മുതല്‍ രാത്രി 11 വരെയാണ് സംഗീതാര്‍ച്ചന.
40 ഓളം കീര്‍ത്തനങ്ങളാണ് രാഗമാലികയില്‍ സംഗീതമായി ഒഴുകിയത്. ഗണപതി സ്തുതിയായ ശ്രീഗണനാഥാ എന്ന കീര്‍ത്തനത്തില്‍ തുടങ്ങിയ രാഗമാലിക ഷാജി ഇല്ലത്ത് എഴുതിയ ദേവി സ്തുതികളോടെയാണ് സമാപിച്ചത്. സി. ഡി. രാജേന്ദ്രന്‍,സുധിന്‍ എന്നിവര്‍ വയലിനും ശ്രീരാജ് മൃദംഗവും അശോകന്‍ ഘടവും വായിച്ച് സംഗീതാര്‍ച്ചനയ്‌ക്ക് മാറ്റുകൂട്ടി. 1997-ലും 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീതാരാധന സജി നടത്തിയിരുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ നിന്നും ഗാനഭൂഷണം പഠിച്ചിറങ്ങിയ സജി 92-ല്‍ ദേവികുളം എഫ്എം റേഡിയോയ്‌ക്ക് വേണ്ടി ഫെസ്റ്റിവല്‍ സോങ് സംവിധാനം ചെയ്താണ് തുടക്കം.
കായിപ്പുറം ഗംഗാധരന്‍ ഭാഗവതരും യോശുദാസിന്റെ സഹപാഠിയുമായ ടി. എന്‍. അറുമുഖന്‍ ഭാഗവതരും സജിയുടെ ഗുരുനാഥന്‍മാരായിരുന്നു. പ്രഗല്‍ഭരായ അധ്യാപകരുടെ ചിട്ടയായ രീതികള്‍ ശാസ്ത്രീയ സംഗീത രംഗത്ത് മാറ്റുരയ്‌ക്കാന്‍ ഈ യുവ സംഗീതജ്ഞന് കഴിഞ്ഞു.ദേവസ്വം പ്രസിഡന്റ് എന്‍. കെ. അനിരുദ്ധന്‍,സെക്രട്ടറി കുഞ്ഞുമോന്‍, സ്‌കൂള്‍ മാനേജര്‍ അഡ്വ:കെ. കെ. മംഗളാനന്ദന്‍,ബിജുശാന്തി, ആലപ്പി ഋഷികേശ്, ഷാജി ഇല്ലത്ത് തുടങ്ങിയവര്‍ സജിയെ ആദരിച്ചു.
















