മേധക്:തെലുങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സംഘടിപ്പിച്ച യാഗത്തിനിടെ യാഗശാലക്ക് തീപിടിച്ചു. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ച ഉച്ചയ്‌ക്ക് 2.15 നാണ് സംഭവം.
വരള്‍ച്ചയെ നേരിടാനാണ് യജ്ഞം നടത്തിയതെന്നാണ് അധികൃതരുടെ വാദം. അപകടത്തെ തുടര്‍ന്ന് അഞ്ച് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമത്തിലാണ്.
എറാവെള്ളിയിലെ മുഖ്യമന്ത്രിയുടെ ഫാംഹൗസിലാണ് യാഗം. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് യാഗം നടത്തുന്നത്. നാല് ദിവസമായി നടക്കുന്ന യാഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് തീ പിടിത്തം.
പുല്ല്, ഓല തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിച്ച പന്തലിനാണ് തീ പിടിച്ചത്. പൂജകള്‍ക്കിടെ അബദ്ധത്തില്‍ തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാന, ആന്ധ്ര, മഹാരാഷ്‌ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നായി 2,000 പൂജാരിമാരാണ് പങ്കെടുക്കുന്നത്.
രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജി ഇന്ന് വൈകിട്ട് യാഗശാല സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൂടാതെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കം ഒട്ടേറെ പ്രമുഖര്‍ രാവിലെ യാഗശാല സന്ദര്‍ശിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് ആരെല്ലാം യാഗശാലയില്‍ ഉണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല.
കൃഷിനാശം ഉള്‍പ്പെടെ സംസ്ഥാനം ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവാക്കി യജ്ഞം നടത്തുന്നത്.
















