ന്യൂദല്‍ഹി: റെയില്‍വേ നിയന്ത്രണ അതോറിറ്റിയ്‌ക്കു പകരം റെയില്‍വേ വികസന അതോറിറ്റി ഉടന്‍ നിലവില്‍ വരും. റെയില്‍വേയിലെ യാത്ര-ചരക്കു നിരക്ക് പുതുക്കി നിശ്ചയിക്കുന്ന ജോലിക്കുമാത്രമായി പ്രവര്‍ത്തിക്കുന്ന വന്‍സംവിധാനം റെയില്‍വേ വികസന സംരംഭങ്ങളും പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന സംവിധാനമാക്കി മാറ്റുകയാണ് ലക്ഷ്യം. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിന് അംഗീകാരം നേടാനാണ് മന്ത്രാലയത്തിന്റെ പരിശ്രമം.
റെയില്‍വേയുടെ പരിഷ്‌കരണത്തിനു ലക്ഷ്യമിട്ടുള്ള വിവിധ സമിതികളുടെ നിര്‍ദ്ദേശമാണ് ഇത്തരത്തില്‍ സ്വതന്ത്രമായി ഒരു സമിതി. അങ്ങനെ റെയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ ആശയമാണ് ചരക്കു-യാത്രാ നിരക്കു നിശ്ചയിക്കുന്നതിനൊപ്പം സ്വകാര്യ- പൊതുമേഖലാ സംരംഭങ്ങളുടെ നടത്തിപ്പും വിലയിരുത്തലുമാണ് സമിതിയുടെ ചുമതല. ഇതിന്റെ ഭാഗമായാണ് റെയില്‍വേ വികസന സമിതിയെന്ന പുതിയപേരിടലും.
ഈ സമിതിയുടെ രൂപീകരണത്തിലൂടെ റെയില്‍വേയിലേക്കു കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയും. സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെയെന്ന സമീപനം മാറി കൂടുതല്‍ പ്രൊഫഷണലായി റെയില്‍വേ മാറുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കു വര്‍ദ്ധിക്കും. ഈ സമിതിയുടെ രൂപീകരണത്തിന് പൊതുജനങ്ങൡനിന്നും മറ്റു അനുബന്ധ സ്ഥാപനങ്ങളില്‍നിന്നും സംവിധാനങ്ങളില്‍നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടും.
അതോറിറ്റിയുടെ കരട് തയ്യാറായിട്ടുണ്ട്. വൈകാതെ ജനങ്ങള്‍ക്ക് വിതരണം ചെയ്യും. അഭിപ്രായമറിയിക്കാന്‍ അവസരം ലഭിക്കും. യാത്രക്കൂലി-ചരക്കുകൂലി പുനര്‍നിശ്ചയിക്കുന്നതിനു പുറമേയാണ് വികസന സമിതിയുടെ ഈ കര്‍ത്തവ്യങ്ങള്‍. നിലവില്‍ നിരക്കു നിശ്ചയിക്കുന്നത് റെയിവേ ബോര്‍ഡാണ്. ഇതിലെ രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് നിയന്ത്രണ അതോറിറ്റി വന്നത്. പുതിയ വികസന അതോറിറ്റി സ്വതന്ത്ര സ്വഭാവത്തില്‍ തുടരും. കരട് ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ലമെന്റിന്റെ അംഗീകാരം നേടിയാലേ അതോറിറ്റിക്ക് സാധുതയുണ്ടാകൂ.
















