മീനങ്ങാടി : മരിച്ചുവെന്ന് കരുതി നവജാതശിശുവിനെ അമ്മ കുഴിച്ച് മൂടി. വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അപ്പാട് യൂക്കാലിക്കവല കോളനിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനഞ്ചാം തിയ്യതി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രാധ വീട്ടില്‍ പ്രസവിച്ചത്. പ്രസവിച്ച സമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നതായി രാധയുടെ സഹോദരി ശാരദ പോലിസീന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന് അനക്കമില്ലാതാവുകയും മരിച്ചുവെന്ന് വിശ്വസിച്ച് കുഞ്ഞിനെ വീടിന്റെ പുറകുവശത്തായി മറവ് ചെയ്യുകയായിരുന്നു എന്നാണ് രാധ പൊലീസിനോട് പറഞ്ഞത്. കുഞ്ഞിനെ മറവ് ചെയ്ത വിവരം രാധ രഹസ്യമാക്കിവെക്കുകയായിരുന്നു.
സഹോദരി ശാരദയുടെ കൂടെ ജോലി ചെയ്യുന്നവരാണ് വിവരം പുറത്തുകൊണ്ടുവന്നത്. എസ്ടി പ്രൊമോട്ടര്‍ ട്രൈബല്‍ എക്സറ്റന്ഷന് ഓഫീസര്‍ക്ക് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ടിഇഒ 24ാം തിയതി മീനങ്ങാടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രസവം മറച്ചുവെച്ചതിനും കുഞ്ഞിനെ മറവ് ചെയ്തതിനും ഐപിസി 318 ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
ക്രിസ്തുമസ് അവധി കഴിഞ്ഞ് ഇന്നലെയാണ് മീനങ്ങാടി എസ്ഐ ടി.എന്‍.സജീവന്, എസ്ഐ ടി.ജെ.സഖറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ബത്തേരി താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ എം.ജെ.സണ്ണി, കോഴിക്കോട് മെഡിക്കല്‍ കോളേജ് അസി പ്രൊഫസര്‍ ബ്രിജീഷ്, ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
രാധ മാസം തികയാതെ പ്രസവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡിഎന്‍എ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍കഴിയൂ. രാധയെ പോലീസ് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം തുടരുന്നതായും മീനങ്ങാടി എസ്ഐ സഖറിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: