കല്‍പ്പറ്റ : പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണകെട്ടിന് സമീപം വെള്ളകെട്ടില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി ഡാമിലേക്ക് എടുത്തുചാടി ജീവന് നഷ്ടമായ പന്തിപ്പൊയില്‍ ബപ്പനംമല അംബേദ്ക്കര്‍ കാട്ടുനായ്ക്ക കോളനിയിലെ ബാബുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിന്തിര സഹായവും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഭാരതീയ ജനതാപാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ച നൗഷാദിന്റെ കുടുംബത്തിന് നല്കിയതുപോലെതന്നെ സാമൂഹ്യപരിരക്ഷ ബാബുവിന്റെയും റൗഫിന്റെയും കുടുംബത്തിനും നല്‍കണം.
യോഗത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പള്ളിയറ മുകുന്ദന്, ആരോട രാമചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, പി.വി.ന്യൂട്ടണ്‍, എ.രജിത്ത്കുമാര്‍, പി.ആര്.ബാലകൃഷ്ണന്, കെ.എം.ഹരീന്ദ്രന്‍, ബാലഗോപാലന് എന്നിവര്‍ പ്രസംഗിച്ചു.
സ്വന്തം ജീവന് വില നല്‍കാതെ കയത്തില്‍ അകപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ധീരനായ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് സി.പി.വിജയന് ആവശ്യപ്പെട്ടു.
നിര്‍ദ്ധനരായ പ്രാക്തന ഗോത്രകുടുംബത്തിന്റെ വരുമാന സ്രോതസ്സായ ബാബുവിന് ഒരു സഹോദരനും വിദ്യാര്‍ത്ഥികളായ മൂന്ന് സഹോദരിമാരുമാണുള്ളത്. ഒരാള്‍ പ്ലസ്ടുവിനും രണ്ട് പേര് ഹൈസ്കൂളിലും പഠിക്കുകയാണ്. മതേതരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ബാബുവിന്റെ കുടുംബത്തിന് അടിയന്തിരസഹായമായി പത്ത് ലക്ഷമെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് സി.പി.വിജയന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: