പടിഞ്ഞാറത്തറ:ബാണാസുര സാഗര്‍ ഡാമില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ അംബേദ്കര്‍ കോളനിയിലെ ബാബുവാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഡാമില്‍ കാണാതായ ചെന്നലോട് പത്തായക്കോടന്‍ റൗഫിനായി തിരച്ചില്‍ തുടരുന്നു ബാണാസുര സാഗര്‍ പദ്ധതി പ്രദേശമായ തരിയോട് പതിമൂന്നാം മൈല്‍ ഭാഗത്തായി അഞ്ച് സുഹൃത്തുക്കളോടൊപ്പമാണ് റൗഫ് കുളിക്കാനിറങ്ങിയത്. ഇതിനിടെ റൗഫ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് ജെസിബിയില്‍ ജോലി ചെയ്യുകയായിരുന്ന ബാബു റൗഫ് വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടാണ് രക്ഷിക്കാനിറങ്ങിയതായിരുന്നു. എന്നാല്‍ ഇരുവരും പത്ത് മീറ്ററോളം താഴ്ചയുള്ള വെള്ളക്കട്ടില്‍ താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്സിനും തുര്‍ക്കി ജീവന് രക്ഷാസേനക്കും കൈമാറി. കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പടിഞ്ഞാറത്തറ പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. ആറ് മണിയോടെയെത്തിയ തുര്‍ക്കി സേന തിരച്ചില്‍ ആരംഭിച്ച അല്‍പ്പസമയം കഴിഞ്ഞയുടന്‍ ബാബുവിന്റെ മൃതദേഹം കണ്ടെടുത്തു. തുടര്‍ന്നും റൗഫിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സാഹചര്യങ്ങള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് ഏഴരെയോടെ തിരച്ചില്‍ നിര്‍ത്തി വെച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: