കാസര്‍കോട്: 2014 ജനുവരി 26ന് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കഞ്ഞിവെയ്പ് സമരത്തെ തുടര്‍ന്ന് സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഇതുവരെ പാലിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഈ ഉറപ്പുകള്‍ നിലനില്‍ക്കെയാണ് വീണ്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ജില്ലാ ചുമതലയുള്ള മന്ത്രി കെ.പി.മോഹനന്റെ വക വാഗ്ദാന പെരുമഴ നടത്തിയിരിക്കുന്നത്. ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസമാകേണ്ട ബദിയടുക്ക മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ഇതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല. കടങ്ങള്‍ എഴുതി തള്ളി ജപ്തി നടപടിയില്‍ നിന്നും ദുരിതബാധിതരെ ഒഴിവാക്കുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നടപ്പിലായിട്ടില്ല. ബദിയടുക്ക മെഡിക്കല്‍ കോളേജ് നിര്‍മാണം എത്രയും പെട്ടെന്ന് ആരഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സന്ധിയില്ലാ സമരത്തിലാണ്. നേരത്തെ നടത്തിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കണമെന്നാവശ്യപ്പെട്ട് ദുരിത ബാധിതരായ അമ്മമാര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഫണ്ടിന്റെ കുറവ് കൊണ്ടല്ല സാങ്കേതിക പ്രശ്നങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ പ്രവൃത്തികളിലേറെയും വൈകുന്നതെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍ ഈ സാങ്കേതിക തടസ്സങ്ങള്‍ നീക്കേണ്ട സര്‍ക്കാറാകട്ടെ വാഗദാന പെരുമഴകള്‍ പെയ്യിക്കുകയല്ലാതെ ഒന്നും ചെയ്യുന്നില്ല.
ദുരിബാധിതര്‍ക്കായി ഫെബ്രുവരിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു. ഇതിനായി ഈ മാസം 31 നകം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഇനിയും ഉള്‍പ്പെട്ടിട്ടില്ലാത്ത രോഗികള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി അപേക്ഷ നല്‍കണം. ദുരിതബാധിതര്‍ക്ക് അനുവദിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് ജനുവരി ഒന്നിന് കളക്ടറേറ്റില്‍ ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വിതരണം ചെയ്യും. പുനരധിവാസ ഗ്രാമം ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്ത് സാമൂഹ്യനീതി, ആരോഗ്യ കൃഷി വകുപ്പും തമ്മില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. കേരള പ്ലാന്റേഷന് കോര്‍പ്പറേഷനും സാമൂഹിക നീതി വകുപ്പും ധാരണാ പത്രം ഒപ്പുവെയ്ക്കും. പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കും. ദുരിതബാധിത പഞ്ചായത്തുകളില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതി തളളാന്‍ 10 കോടി രൂപ വകമാറ്റി ചെലവഴിക്കാന്‍ നടപടിയെടുക്കും. ഈ മാസം 31 നകം ഇതു കൊടുത്തു തീര്‍ക്കാന്‍ കഴിയുന്ന വിധം 21 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. കടം എഴുതി തളളുന്നതിന് വാണിജ്യ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും യോഗം ചേര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജനുവരി 10 നകം സ്നേഹ നിധി വഴി ബഡ്സ് സ്ക്കൂളുകള്‍ക്ക് വാഹനം ലഭിക്കും. പുതിയ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയാലും അവയുടെ ഫലം ലഭിക്കാന്‍ ദുരിത ബാധിതര്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനായി എനിയും ക്യാമ്പുകളില്‍ അവരെ എത്തിക്കില്ലെന്ന് ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകളെന്ന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്ക് ആനുകൂല്യങ്ങള്‍ മുഴുവന്‍ കൊടുത്ത് തീര്‍ക്കാതെ വീണ്ടും ക്യാമ്പ് നടത്തി അര്‍ഹരെ കണ്ടെത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെന്ന് ദുരിത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇതിന്റെ പേരില്‍ ജില്ല വീണ്ടും പ്രക്ഷുബ്ദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: