മാവേലിക്കര: മിച്ചല്‍ ജങ്ഷനില്‍ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണി മുതല്‍ മൂന്നര വരെ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 72പേര്‍.
ഇവിടെ ട്രാഫിക് സിഗ്നല്‍ സംവിധാനം ഉണ്ടെങ്കിലും മിക്ക വാഹനങ്ങളും നിയമം പാലിക്കാറില്ല. ഇത് പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നു. നിയമം തെറ്റിക്കുന്നത് മൂലം പലപ്പോഴും ഗതാഗതക്കുരുക്കും നിത്യസംഭവമാണ്.
നാലു ഭാഗത്തും സീബ്രാ ലൈനും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിക്കുന്നതിന് 20ലക്ഷം രൂപ അനുവദിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. എന്നാല്‍ തുടര്‍നടപടികള്‍ക്ക് മരാമത്ത് വകുപ്പ് തയാറാകാത്തതാണ് ഇവ സ്ഥാപിക്കാന്‍ വൈകുന്നത്.
താലൂക്ക് വികസന സമിതി യോഗത്തിലും ഗതാഗത അവലോകന യോഗത്തിലും നിരന്തരം ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല.
മാവേലിക്കരയിലെയും തട്ടാരമ്പലത്തിലെയും സിഗ്നല്‍ സംവിധാനങ്ങള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് ആര്‍ടിഒയുടെ നിയന്ത്രണത്തിലുള്ള മൊബൈല്‍ ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡിലെ എംവിഐ: സുനില്‍ബാബു, എഎംവിഐ: എ.സമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീഡിയോ കാമറ ഉപയോഗിച്ചായിരുന്നു പരിശോധന. ഏഴു വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കുകയും 65 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
മനപ്പൂര്‍വം സിഗ്നല്‍ തെറ്റിച്ച് കയറുന്ന വാഹനങ്ങള്‍ക്കെതിരെ വരുംദിവസങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും പുതിയകാവ് മുതല്‍ മിച്ചല്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്തെ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുമെന്നും എസ്‌ഐ: വി.എം.ശ്രീകുമാര്‍ പറഞ്ഞു.
















