പശുവിനെ കൊല്ലുന്നത് നിയമം മൂലം നിരോധിക്കണം
ചേര്‍ത്തല: 33-ാമത് അഖില ഭാരത ഭാഗവത മഹാസത്രം നടക്കുന്ന മരുത്തോര്‍വട്ടം ശ്രീധന്വന്തരീക്ഷേത്രത്തില്‍ ഭക്തജനപ്രവാഹം തുടരുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ ഭാഗവത മാഹാത്മ്യ പ്രഭാഷണം ശ്രവിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഭക്തര്‍ക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ സ്ത്രീകളടക്കമുള്ളവര്‍ നിരവധിയായെത്തുന്നു.
പശുവിനെ കൊല്ലുന്നത് നിയമം മൂലം നിരോധിക്കണം, ഇത് ഭരണാധികാരികളുടെ കര്‍ത്തവ്യമാണ് എന്ന് കണ്ടമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരി. ഭാഗവത സത്രവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശു കഴിക്കുന്ന ഭക്ഷണത്തിലുള്ള വിഷാംശം അതിന്റെ മാംസത്തിലാണ് സംഭരിക്കുന്നത്,
പശു മാസം കഴിക്കുന്ന മനുഷ്യന് അതിനാല്‍ തന്നെ പലവിധ രോഗങ്ങള്‍ ഉണ്ടാകും, ഇതാണ് പശു മാംസം കഴിക്കരുത് എന്ന് പറയുന്നത്. എന്നിട്ടും ചിര്‍ കൊല്ലുന്നു തിന്നുന്നു ഇതിനെ മനുഷ്യന്‍ ശിക്ഷിക്കണ്ടാ ഈശ്വരന്‍ ശിക്ഷിക്കും. നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ കഴിച്ച് പശു ഏറ്റവും നല്ല വിറ്റാമിനുകള്‍ നല്‍കുന്നു.
ഭാഗവതം എന്ത് അനുശ്വാസിക്കുന്നോ അതുപോലെ ജീവിക്കാന്‍ കഴിയണം അതാണ് ഭാഗവത സേവ. ധര്‍മ്മത്തെ നിലനിര്‍ത്താന്‍ ഭാഗവത സേവ ആവശ്യമാണ്.
ഉറങ്ങിക്കിടക്കുന്നവന്‍ സ്വപ്‌നം കാണുന്നത് പോലെ നാം മായാലോകത്തില്‍ പെട്ടുകിടക്കുകയാണ്. ഇതില്‍ നിന്നും നമ്മള്‍ ഉണരണമെങ്കില്‍ ഒരു ഗുരുനാഥന്‍ ആവശ്യമാണ്, ഇതാണ് ഭാഗവതം.
ഇന്ന് മക്കളെ കൊല്ലുന്ന അച്ഛനെ കൊല്ലുന്ന കംസന്മാരുടെ നാടാണ് നമ്മുടേത്, ദുഷിച്ച കാലത്തിന് അവസാനം ഉണ്ടാകാനാണ് ഭാഗവത സത്രങ്ങള്‍ നടത്തുന്നത്, ഇത് ഒരു അവതാരമാണ് ഭഗവാന്‍ ഭാഗവതരൂപത്തില്‍ അവതരിച്ചതാണ് എന്ന് അദ്ദേഹം പറഞ്ഞു.
സത്രത്തില്‍ അന്നദാനത്തിന് ഉപയോഗിച്ചത് ജൈവപച്ചക്കറികള്‍
ചേര്‍ത്തല: ഭാഗവത സത്രത്തില്‍ അന്നദാനത്തിന് ഉപയോഗിച്ചത് ജൈവപച്ചക്കറികള്‍. ദിവസവും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അന്നദാനത്തിനായി ഭക്തര്‍ സംഭാവനയായി നല്‍കിയ പലവ്യഞ്ജനവും പച്ചക്കറികളും മാത്രം ഉപയോഗിക്കുന്നു.
400കിന്റല്‍ പച്ചക്കറികള്‍, അരി 1,000 ചാക്ക് കവിഞ്ഞു. പഞ്ചസാര 60കിലോ, തേയില 68കിലോ, വെളിച്ചെണ്ണ 1,000കിലോ തുടങ്ങി എല്ലാ സാധനങ്ങളും സത്രവേദിയില്‍ ഭക്തര്‍ സമര്‍പ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സാധനങ്ങള്‍ എത്തും.
സത്രത്തിനായി മാസങ്ങള്‍ക്ക് മുമ്പുതന്നെ ഭക്തര്‍, സ്വാശ്രയസംഘങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂട്ടായും ഒറ്റക്കും ജൈവ പച്ചക്കറി കൃഷി ചെയ്തിരുന്നു. ഇതില്‍ വിളഞ്ഞ സാധങ്ങള്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നുണ്ട്. ദിനവും വിളവെടുപ്പ് നടക്കുന്നു.
ഏക്കറു കണക്കിന് സ്ഥലത്താണ് കൃഷി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ചേന 2,000കിലോ, കാച്ചില്‍ 6,000കിലോ, കപ്പ 500കിലോ, ചേമ്പ് 1,000കിലോ, പടവലം100കിലോ, പീച്ചില്‍ 60കിലോ, വഴുതന1,500കിലോ, പയര്‍ 1,000കിലോ, വെണ്ട 600കിലോ, പച്ചമുളക് 60കിലോ, കാന്താരി 76കിലോ, കാബേജ് 50കിലോ ഉള്‍പ്പെടെ വിവിധയിനം പച്ചക്കറികള്‍ ജൈവ രീതിയില്‍ കൃഷി ചെയ്തത് ക്ഷേത്രത്തില്‍ എത്തിച്ചു.
ശ്രീകണ്ഠമംഗലം സര്‍വ്വീസ് സഹകരണ ബാങ്കാണ് സത്രത്തിന് ആവശ്യമായ പച്ചക്കറി വിത്ത് ബാംഗ്ലൂരില്‍ നിന്ന് വരുത്തി നല്‍കിയത്. 500കിലോ വിത്ത് ഇതിനായി ഇവര്‍ വാങ്ങി.
















