ആലപ്പുഴ: ഡിസിസി പുനഃസംഘടിപ്പിച്ചപ്പോള്‍ ജംബോ കമ്മറ്റി. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പ്രതിഷേധമുയരുന്നു. ഉന്നത നേതാക്കളുടെ പെട്ടിതാങ്ങിയവരെയും കോണ്‍ഗ്രസില്‍ പ്രവര്‍ത്തനപാരമ്പര്യമില്ലാത്തവരെയും ജില്ലാ നേതൃത്വത്തിലേക്കു കൊണ്ടുവന്നതിനെതിരെയാണ് പ്രതിഷേധം ഏറെയും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ തട്ടിപ്പു നടത്തിയ നേതാവുവരെ ജില്ലാഭാരവാഹി പട്ടികയില്‍പ്പെട്ടിട്ടുണ്ട്.
90 പേരാണ് കോണ്‍ഗ്രസിന്റെ ജില്ലാ ഭാരവാഹിത്വപ്പട്ടികയിലുള്ളത്. നേരത്തെ ഇത് 25മാത്രമായിരുന്നു. നേതാക്കളുടെ താത്പര്യപ്രകാരം അനുയായികളെ ഉള്‍പ്പെടുത്തിയപ്പോളാണ് പട്ടിക നാലിരട്ടിയോളം വലുതായത്. പ്രസിഡന്റിനെക്കൂടാതെ 78 ജനറല്‍ സെക്രട്ടറിമാര്‍, 10 വൈസ് പ്രസിഡന്റുമാര്‍, ഒരു ട്രഷറര്‍ എന്നിവരടങ്ങിയതാണ് ജില്ലാഭാരവാഹികള്‍. കൂടാതെ കമ്മറ്റിയംഗങ്ങളും കൂടിയാകുമ്പോള്‍ ഡിസിസി ഓഫീസില്‍ യോഗം ചേരാന്‍പോലും കഴിയാത്ത അവസ്ഥയാണെന്ന് പലരും ആക്ഷേപമുന്നയിക്കുന്നു. ഐഗ്രൂപ്പിന് സമ്പൂര്‍ണ ആധിപത്യമാണ് പട്ടികയിലുള്ളത്.
എഗ്രൂപ്പിന് വിരലിലെണ്ണാവുന്ന ഭാരവാഹികളെ മാത്രമാണ് ലഭിച്ചത്. അതില്‍ത്തന്നെ അടുത്തിടെ ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പിലേക്ക് ചേക്കേറിയവര്‍ക്കും ജില്ലാ ഭാരവാഹിത്വം ലഭിച്ചു. ഇത് കാലങ്ങളായി എഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കിടയില്‍ അസംതൃപ്തിക്കിടയായിക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ സജീവമല്ലാത്തവര്‍ക്കുവരെ മറ്റു ചില സ്വാധീനങ്ങളുടെ പേരില്‍ ജില്ലാ ഭാരവാഹിത്വം ലഭിച്ചു.
കെ.സി. വേണുഗോപാല്‍ എംപിയും ഡിസിസി പ്രസിഡന്റും സമ്മര്‍ദ്ദം ചെലുത്തി ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിയെടുത്തപ്പോള്‍ എഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന എം. മുരളിയും സി.ആര്‍. ജയപ്രകാശും പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് എഗ്രൂപ്പ്അണികളുടെ ആക്ഷേപം.
















