തിരുവനന്തപുരം: സ്വാതന്ത്ര്യസമര പെന്ഷന് മാനസികവൈകല്യമുള്ള ആശ്രിതന് നല്കാന് വിമുഖത കാട്ടുന്നതിനെതിരെ സെക്രട്ടറിയേറ്റിനുമുന്നില്‍ സത്യഗ്രഹസമരവുമായി കുടുംബാംഗങ്ങള്‍. കണ്ണൂര്‍ ഏച്ചൂര്‍ കാളില്മൂല കുളമുള്ളകണ്ടി വീട്ടില്‍ കെ.കെ. കുഞ്ഞിരാമപ്പണിക്കരുടെ മകന് കെ.കെ. മോഹനനാണ് ആശ്രിതപെന്‍ഷന്‍ അനുവദിക്കാത്തതിനെതിരെ സമരം ചെയ്യുന്നത്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കെ.കെ. കുഞ്ഞിരാമപ്പണിക്കര്‍ക്ക് 1991 മുതല്‍ സ്വാതന്ത്ര്യസമര പെന്ഷന് ലഭിച്ചിരുന്നു. മരണശേഷം ഭാര്യ മീനാക്ഷിക്ക് ആശ്രിത പെന്ഷന് അനുവദിച്ചു കിട്ടിയിരുന്നു. 2005 ല്‍ മീനാക്ഷിയുടെ മരണത്തോടെ മാനസികവൈകല്യമുള്ള മകന് കെ.കെ. മോഹനന് ആശ്രിതപെന്‍ഷന്‍ ലഭിക്കാനായി അപേക്ഷ നല്കി. എന്നാല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് നിരസിച്ചു. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് തുടര്പെന്ഷന് നല്കാന് അനുമതിയില്ല എന്ന കാരണം പറഞ്ഞാണ് നിരസിച്ചത്.
2011ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ പരാതി നല്‍കാനായില്ല. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ വന്ന് നിവേദനം നല്കി. 2005 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കുടിശിക സഹിതം പെന്ഷന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു പറഞ്ഞ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവിറക്കുകയു ചെയ്തു. കണ്ണൂര്‍ കളക്ടറുടെ നിര്‍ദേശപ്രകാരം 30ല്‍ പരം രേഖകള്‍ ഹാജരാക്കിയതിനാല്‍ ഏജീസ് ഓഫീസില്‍ നിന്ന് 2013 ജൂണ്‍ 16ന് പെന്ഷന് അനുവദിച്ച് ഉത്തരവായി. എന്നാല്‍ പെന്‍ഷനും കുടിശികയും വാങ്ങാന്‍ ട്രഷറിയില്‍ എത്തിയപ്പോള്‍ 1,90,083 രൂപ മാത്രമാണ് നല്‍കിയത്. പെന്ഷന് ബുക്കും അനുവദിച്ച തുകയുടെ വിശദാംഗങ്ങളും ആവശ്യപ്പെട്ടപ്പോള്‍ ചക്കരക്കല്ല് ട്രഷറിയില്‍ നിന്ന് വാങ്ങാന്‍ നിര്‍ദേശിച്ചു. അവിടെ എത്തി അന്വേഷിച്ചപ്പോള്‍ പെന്ഷന് റദ്ദ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പറഞ്ഞത്.
ഏജീസ് ഓഫീസിലും കണ്ണൂര്‍ ട്രഷറിയിലും അന്വേഷിച്ചപ്പോള്‍ പെന്ഷന് റദ്ദ് ചെയ്തിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് പെന്ഷന് ലഭിക്കാത്തതിനാല്‍ മനുഷ്യാവകാശ കമ്മീഷനിലും ലോകായുക്തയിലും പരാതി നല്കി. വിശദമായ അന്വേഷണത്തില്‍ പെന്ഷന് തുക തട്ടിയെടുക്കാന്‍ ശ്രമം നടക്കുകയാണെന്ന് ബോദ്ധ്യമായി. ഇതുവരെയുള്ള കുടിശികയടക്കം പന്ത്രണ്ടുലക്ഷത്തോളം രൂപയാണ് കിട്ടാനുള്ളത്. ഇതിനായി അഞ്ചുതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നിട്ടും അനുവദിച്ചു കിട്ടിയ പെന്ഷന് ലഭിക്കാതായതോടെയാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ സമരവുമായി എത്തിയതെന്ന് കെ.കെ. മോഹനന്റെ അനന്തരവന് കെ. പ്രശാന്തന് പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയുടെ ആശ്രിതപെന്‍ഷന്‍ ലഭിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇതാണ് അവസ്ഥയെന്ന് പ്രശാന്തന് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: