വിളപ്പില്‍: ശ്രീനാരായണഗുരുദേവന്‍ ആദ്യ ശിവപ്രതിഷ്ഠ നടത്തി കേരളനവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കിയ അരുവിപ്പുറത്തേക്കുള്ള തീര്‍ഥയാത്രയ്ക്ക് കെഎസ്ആര്‍ടിസിയുടെ അവഗണന. രാത്രി ഏഴു മണിക്ക് ശേഷമുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയാണ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് തീര്‍ഥാടകരെ വലയ്ക്കുന്നത്. പകല്‍ സമയങ്ങളില്‍ വല്ലപ്പോഴും മാത്രമാണ് അരുവിപ്പുറത്തേക്ക് ആന വണ്ടി എത്തുന്നത്. തീര്‍ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ അരുവിപ്പുറത്തേക്ക് നിര്‍ത്തലാക്കിയ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ദക്ഷിണ കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് അരുവിപ്പുറം. 1888 ല്‍ ഗുരുദേവന് പ്രതിഷ്ഠിച്ച ശിവലിംഗത്തെ പ്രണമിക്കാന്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറം മഠത്തിലെത്തുന്നത്. സവര്‍ണമേധാവിത്വത്തിനെതിരെ ഗുരുദേവന് വിപ്ലവാത്മകമായ ചുവടുവയ്പ്പ് നടത്തിയ മണ്ണാണ് അരുവിപ്പുറത്തേത്.
ഗുരുദേവന് തപസനുഷ്ഠിച്ച പ്രാചീനഗുഹ, ഗുരുവിന്റെ തപോവനമായ കൊടിതൂക്കിമല എന്നിവ അരുവിപ്പുറം മഠത്തെ വിശ്വപ്രസിദ്ധമാക്കുന്നു.
നെയ്യാറ്റിന്‍കര, പാറശാല ഡിപ്പോകളില്‍ നിന്ന് അരുവിപ്പുറം ചെമ്പഴന്തി വഴി ശിവഗിരിയിലേക്ക് ബസ് സര്‍വീസുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി കാരണമില്ലാതെ ഈ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തുകയായിരുന്നു. പകല്‍ സമയങ്ങളില്‍ ഉണ്ടായിരുന്ന ആറോളം സര്‍വീസുകളും ഇപ്പോള്‍ ചുരുക്കിയിരിക്കുകയാണ്.
പ്രധാനപാതയില്‍ നിന്ന് മൂന്നു കിലോമീറ്ററോളം ഉള്ളിലായി നിലകൊള്ളുന്ന ഈ ദേവസ്ഥാനത്തേക്ക് വിശ്വാസികള്‍ക്ക് കടന്നു ചെല്ലാന്‍ ബസ് സര്‍വീസ് മാത്രമാണ് ആശ്രയം. ഏഴുമണിക്കു ശേഷം ബസ്സില്ലാത്തതിനാല്‍ സന്ധ്യാദീപാരാധന, വിശേഷാല്‍ പൂജകള്‍ എന്നിവയ്ക്ക് മഠത്തിലും ക്ഷേത്രത്തിലും ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്നില്ല. മുമ്പ് തീര്‍ഥാടനകാലത്ത് അധികസര്‍വീസ് അനുവദിച്ചിരുന്ന ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പ്രതികാര നടപടിയെന്നോണം ബസുകള്‍ പിന്‍വലിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഈ മാസം 30 നാണ് ശിവഗിരി തീര്‍ഥാടനം ആരംഭിക്കുന്നതെങ്കിലും കഴിഞ്ഞദിവസം മുതല്‍ അരുവിപ്പുറത്തേക്ക് ഭക്തരുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. ശ്രീനാരായണീയര്‍ ഏറെ പവിത്രമായി കരുതുന്ന ഗുരുസന്നിധിയിലേക്കുള്ള യാത തടസപ്പെടുത്താന്‍ നടത്തുന്ന ഗൂഢതന്ത്രമാണ് ബസ് സര്‍വീസ് നിര്‍ത്തലാക്കിയതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് മഠത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ഡിപ്പോയിലും തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലും തീര്‍ഥാടനകാലത്ത് അധിക ബസ് സര്‍വ്വീസ് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നതായി അരുവിപ്പുറം മഠം സെക്രട്ടറി ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: