അമ്പലപ്പുഴ: രാജ്യദ്രോഹികളെ വെള്ളപൂശാന്‍ ഹിന്ദുവിനെ തീവ്രവാദിയെന്ന് മുദ്രകുത്തുകയാണെന്ന് ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. അമ്പലപ്പുഴ മറിയാമോണ്ടിസോറി സ്‌കൂളില്‍ നടക്കുന്ന ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മ്മമേത്, അധര്‍മ്മമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം മാദ്ധ്യമങ്ങളെ പോലും വിലയ്‌ക്കെടുത്ത് രാജ്യദ്രോഹികള്‍ വിലസുമ്പോള്‍ പുതിയ കേരളം, പുതിയ ഭാരതം എന്ന ലക്ഷ്യത്തോടെ സ്വയംസേവകര്‍ പ്രവര്‍ത്തിക്കണം. ദേശാഭിമാനം ഉള്ളില്‍ കെടാതെ സൂക്ഷിക്കുന്നവരാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്നും അദ്ദേഹം പറഞ്ഞു.
വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജീവിത സുഖങ്ങളെ ഉപേക്ഷിച്ച് എങ്ങനെ സമാജസേവനം ചെയ്യാമെന്ന പാഠമാണ് ശിബിരത്തിലെ ജീവിതം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌ക്കാരങ്ങളാണ് രാഷ്‌ട്രത്തെ നിലനിര്‍ത്തുന്നത്. സംസ്‌ക്കാരങ്ങള്‍ നശിച്ചപ്പോള്‍ ഗ്രീക്കുപോലുള്ള രാഷ്‌ട്രങ്ങള്‍ പ്രതിസന്ധിയിലായി.
ഇവിടെയും ഇതിന്റെ വിത്തുപാകാന്‍ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായെങ്കിലും സംഘം വ്യക്തി നിര്‍മ്മാണത്തിലൂടെ സംസ്‌ക്കാരമുള്ള, രാഷ്‌ട്രബോധമുള്ള ഒരു സമൂഹത്തെ തന്നെ സൃഷ്ടിച്ചെടുത്ത് ഇതിനെ പ്രതിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു.
എന്നെ കഴുത എന്നു വിളിച്ചാലും ഹിന്ദുവെന്ന് വിളിക്കരുതെന്ന് പറഞ്ഞ നെഹ്‌റുവിന്റെ കാലത്തായിരുന്നു ഇതിന്റെ തുടക്കം. ഈശ്വരീയ പ്രസ്ഥാനം എന്ന നിലയില്‍ ഏറ്റെടുത്ത വെല്ലുവിളികള്‍ എല്ലാം വിജയിപ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞു. ശിബിരങ്ങളും, സംഘശാഖകളും എല്ലാം തന്നെ വ്യക്തി നിര്‍മ്മാണവും, സമാജസേവനവും ചെയ്യുന്ന തലമുറയെ സൃഷ്ടിക്കുന്നതിന്റെ തെളിവാണ് ചെന്നൈ ഉള്‍പ്പടെയുള്ള ദുരന്തമേഖലകളില്‍ സമാജത്തിന്റെ രക്ഷയ്‌ക്കായി സ്വയംസേവകര്‍ ഓടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറി മേജര്‍ ഇ. കെ. ധനപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജു തലവടി സ്വാഗതം പറഞ്ഞു. ശിബിരം 27ന് സമാപിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്നലെ ശിബിരം സന്ദര്‍ശിച്ചു. ജില്ലാപ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















