പ്രദീപ്
നെയ്യാറ്റിന്‍കര: കേന്ദ്ര ചിട്ടി നിയമത്തിലെ വീഴ്ചകളും രജിസ്ട്രേഷന് വകുപ്പിലെ ഉദേ്യാഗസ്ഥരുടെ മൗനാനുവാദവും മൂലം അനധികൃത സാമ്പത്തിക സ്ഥാപനങ്ങള്‍ തഴച്ചുവളരുന്നു. ഇവയെ നിയന്ത്രിക്കാന്‍ സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള നിയമങ്ങള്‍ പോലും പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മുതിരാതെ സ്ഥാപനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും പരാതി.
താലൂക്കില്‍ ചീട്ട് കൊട്ടാരങ്ങള്‍ പോലെയാണ് സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്ന സ്വര്ണപണയസ്ഥാപനങ്ങള് ഉടലെടുക്കുന്നത്. ഇത്തരത്തില്‍ നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊന്നൂസ് ചിട്ടിഫണ്ട്, ത്രിവേണി ചിട്ടിഫണ്ട്, സണ്‍ഫഌവര്‍ ചാരിറ്റബിള്‍ സൊസൈറ്റി, മാഗ്നറ്റിക് ട്രീ കള്‍ച്ചര്‍ സൊസൈറ്റി തുടങ്ങിയവയെല്ലാം പല ഘട്ടങ്ങളിലായി അടച്ചുപൂട്ടുകയോ വിവാദങ്ങളില്‍പ്പെടുകയോ ചെയ്തുട്ടുണ്ട്. പൊന്നൂസ്, ത്രിവേണി എന്നിവയിലെ നൂറുകണക്കിന് നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും നിക്ഷേപങ്ങളും നഷ്ടപ്പെട്ടു. മാഗ്നറ്റിക് ട്രീകള്ച്ചര് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതിന്റെ നടത്തിപ്പുകാരില്‍ പ്രമുഖരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ചില പ്രവര്‍ത്തകര്‍ പിന്മാറുകയോ ഒളിവില്‍ പോവുകയോ ചെയ്തു.
നെടിയാംകോട്ടിലെ സല്‍മുന്ന എന്ന സ്ഥാപനത്തിന്റെ ഉടമ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ അടുത്ത കാലത്ത് കാണപ്പെട്ടു. അതോടെ അനേകം നിക്ഷേപകര്‍ വഴിയാധാരമായി. കുന്നത്തുകാല്‍, അമ്പൂരി, കുടയാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണ പണയസ്ഥാപനങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് ഉടമകള്‍ ഒളിവിലാണ്.
വിശുദ്ധഗ്രന്ഥത്തിലെ കഥാപാത്രത്തിന്റെ പേരില്‍ താലൂക്കിലും തമിഴ്നാട്ടിലും നിരവധി ശാഖകളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ട്. അടുത്തകാലത്ത് സ്വര്‍ണപ്പണയം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വെള്ളറടപോലീസി ല്‍ പരാതികള്‍ ലഭിച്ചു. അനധികൃത ചിട്ടികളില്‍ ചേര്‍ന്ന് വഞ്ചിതരാകരുതെന്ന് അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ ഓഫ് ചിട്ടി മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അംഗീകൃത സ്ഥാപനങ്ങളും അനധികൃത സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് തരംതിരിച്ച് കാട്ടാതെ വകുപ്പ് കള്ളക്കളിതുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: