ചേര്‍ത്തല: ഭൗതിക പദാര്‍ഥങ്ങള്‍ കൊണ്ടു ലഭിക്കുന്ന സുഖങ്ങള്‍ നശ്വരമാണെന്നും ദൃഢമായ ഈശ്വരവിശ്വാസം കൊണ്ടും ഭക്തി ജ്ഞാനവൈരാഗ്യം കൊണ്ടും മാത്രമേ ശാശ്വതമായ ദു:ഖനിവൃത്തിയുണ്ടാവുകയൊള്ളൂവെന്ന് സത്രവേദിയില്‍ പ്രഭാഷണം നടത്തിയ ഗുരുവായൂര്‍ ദേവസ്വം ആധ്യാത്മിക സാംസ്‌ക്കാരിക പരിപാടിയുടെ മുന്‍ചുമതലക്കാരനായ ആചാര്യ സി.പി.നായര്‍ പറഞ്ഞു.
ലോകത്ത് എല്ലാവരും സുഖപ്രാപ്തിക്കു വേണ്ടിയാണ് കര്‍മ്മം ചെയ്യുന്നത്. ദു:ഖനിവൃത്തിയും സുഖപ്രാപ്തിയുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഭാഗവതത്തെ ആശ്രയിക്കുന്നവര്‍ക്ക് ഭക്തിജ്ഞാന വൈരാഗ്യങ്ങളായി ദു:ഖനിവൃത്തിയും സുഖപ്രാപ്തിയും കൈവരും. ഭാഗവതത്തിന്റെ കര്‍ത്താവായ വേദവാസ്യനു പോലും ശാശ്വതമായ സമാധാനം കൈവന്നത് ഭാഗവതത്തിന്റെ രചനയ്‌ക്ക് ശേഷമാണ്.
സര്‍ഗം, മിസര്‍ഗം, സ്ഥാനം, പോഷണം, ഊതി, മന്വന്തരം, ഈശാനുകഥ, നിരോധം, മുക്തി, ആശ്രയം എന്നീ പത്തുവിഷയങ്ങളാണ് ഭാഗവതത്തില്‍ വര്‍ണ്ണിച്ചിട്ടുള്ളത്. വേദോപനിഷത്തുകളുടെ കഥാസ്വരൂപേണയുള്ള ആവിഷ്‌ക്കാരമാണ് പുരാണ ഇതിഹാസങ്ങള്‍.
തക്ഷകന്റെ വിഷജ്വാലയില്‍ ദഹിക്കാന്‍ പോകുന്ന പരീക്ഷിത്തിനെ രക്ഷിക്കുവാന്‍ വേണ്ടി അവതരിച്ച നിലയിലാണ് ഭാഗവതത്തെ കാണുന്നത്. ഭാഗവതം എന്നാല്‍ ഈശ്വരമഹിമയെന്നാണ് അര്‍ത്ഥം.
ദേവന്മാര്‍ പോലും ഈ കലികാലത്ത് ഭാരതഭൂമിയില്‍ മനുഷ്യനായി ജനിച്ച് ഭാഗവതം ശ്രവിക്കുവാന്‍ ആഗ്രഹിക്കുന്നു. ജനന മരണ സ്വരൂപമായ സംസാരത്തില്‍ നിന്നു കരകയറാന്‍ ഭഗവാനെ ആശ്രയിക്കുകയാണ് വേണ്ടത്. അതിനു ഭക്തി വളര്‍ത്തണം. നാമജപം, ഈശ്വര കഥകള്‍ കേള്‍ക്കല്‍ എന്നിവയാല്‍ ഭക്തി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
















