പെരിന്തല്‍മണ്ണ: ഏതാനും ദിവസത്തെ നിശബ്ദതക്ക് ശേഷം ലീഗില്‍ വീണ്ടും പോര്‍വിളി ഉയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ആരോപണ പ്രത്യാരോപണ ശരങ്ങള്‍ ലീഗിലെ വിഭാഗീയതയുടെ പ്രകടമായ തെളിവായിരുന്നു.
നാടകാന്ത്യം, ചില പ്രധാന നേതാക്കള്‍ സസ്പെന്ഷന് വാങ്ങി പുറത്ത് പോയി. കഴിഞ്ഞ നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക് ആയിരുന്നു പുറത്ത് പോയവരില്‍ പ്രമുഖന്. ഒരുപക്ഷേ, യുഡിഎഫിന് ഭരണം ലഭിച്ചിരുന്നെങ്കില്‍ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന ആളായിരുന്നു ഫാറൂക്ക്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫും തോറ്റു പച്ചീരി ഫാറൂക്കും തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന പച്ചീരി ഫാറൂക്കിന്റെ തോല്‍വിക്ക് പിന്നില്‍ ചില ലീഗ് നേതാക്കള്‍ പ്രവര്‍ത്തിച്ചുയെന്നത് പരസ്യമായ രഹസ്യമാണ്. ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ മുന്‍മന്ത്രി നാലകത്ത് സൂപ്പിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മന്ത്രി മഞ്ഞളാംകുഴി അലിയുടെയും നാലകത്ത് സൂപ്പിയുടെയും ഇടപെടലുകള്‍ കാരണമാണ് ലീഗ് ഇത്തരം ഒരു വന്‍തോല്‍വിയിലേക്ക് കൂപ്പ്കുത്തിയതെന്ന് പരസ്യമായി പറയാനും ഇവര്‍ മടി കാണിച്ചില്ല. ഈ വിഴുപ്പലക്കുകളെ തുടര്‍ന്നാണ് ലീഗ് നേതൃത്വം പച്ചീരി ഫാറൂക്കിനെയും അദ്ദേഹത്തിനൊപ്പം നിന്ന നേതാക്കന്മാരെയും സസ്പെന്റ് ചെയ്തത്. ഏന്നാല്‍ ഇതിന് പിന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയത് മന്ത്രി മഞ്ഞളാംകുഴി അലി ആണെന്നാണ് എതിര് വിഭാഗം ആരോപിക്കുന്നത്. സിപിഎം സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി ആളുകള്‍ ഇപ്പോളും ലീഗിലുണ്ട്. ഈ പുറത്താക്കല്‍ അലി വിരുദ്ധര്‍ക്ക് ശക്തി പകരുകയാണ് ചെയ്തത്. അലിയെ എതിറ്ത്താല് നാളെ തങ്ങളുടെ അവസ്ഥയും ഇതാകുമെന്ന് പലരും കരുതുന്നു. ഇവരൊക്കെ രഹസ്യമായും പരസ്യമായും പച്ചീരി ഫാറൂക്കിന് പിന്തുണയും പ്രഖ്യാപിച്ചു. ഫലത്തില്‍ ലീഗിന് അകത്തുണ്ടായിരുന്ന പച്ചീരി ഫാറൂക്കിനെക്കാള്‍ പുറത്തുള്ള പച്ചീരി ഫാറൂക്ക് കരുത്തനായി മാറി. അലി വിരുദ്ധരെല്ലാം പച്ചീരി ഫാറൂക്കില്‍ തങ്ങളുടെ രക്ഷകനെ കണ്ടെത്തി. അതുകൊണ്ട് തന്നെ എന്തുവില കൊടുത്തും ഫാറൂക്കിനെ ലീഗില്‍ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങളും തുടങ്ങി. എന്നാല്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ പച്ചീരി ഫാറൂക്കിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാണിച്ചിട്ടില്ല. ഫാറൂക്കിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ച് നിരവധി വാര്‍ഡ് മണ്ഡലം കമ്മറ്റികളില്‍ നിന്ന് കൂട്ടത്തോടെ രാജിയുണ്ടായി.
ഫാറൂക്കിനെ തിരിച്ചെടുക്കാത്ത പക്ഷം പെരിന്തല്‍മണ്ണയില്‍ ലീഗ് പിളര്‍പ്പിലേക്ക് നീങ്ങുമെന്ന കാര്യം വ്യക്തമാണ്.
എന്തായാലും ലീഗിന്റെ ഭാവി, മന്ത്രി മഞ്ഞളാംകുഴി അലിയുടെ കൈകളിലാണ്. തന്റെ ഭാവിക്ക് ദോഷം വരുന്ന ‘നീക്കുപോക്കുകള്‍ക്ക്’ അദ്ദേഹം തുനിയുമെന്ന് സാധാരണ ലീഗ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: