കാസര്‍കോട്: ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പരസ്യമായ വിവേചനമാണ് കാലങ്ങളായി കേരളം മാറി മാറി ഭരിച്ച് കൊണ്ടിരിക്കുന്ന സര്‍ക്കാറുകള്‍ കാണിച്ചു കൊണ്ടിരിക്കുന്നതെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ സെക്രട്ടറി എന്‍.പി.പവിത്രന് പറഞ്ഞു.
ഈ കഴിഞ്ഞ 27 ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് കണ്ണന് കടവ് പ്രദേശത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയ തോണി മറിഞ്ഞ് 6 പേര് അപകടത്തില്‍ പെട്ട സമയത്ത് അതില്‍ നാലു പേരെ രക്ഷിച്ച് അഞ്ചാമനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മത്സ്യ തൊഴിലാളിയായ രാജീവന് മുങ്ങി മരിച്ചത്. രാജീവന്റെ കുടുംബത്തിന് യാതൊരു ആനുകൂല്യവും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മാന്‍ഹോള്‍ അപകടത്തില്‍ പെട്ട അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മരണപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും നല്‍കിയത്. രാജീവന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സമാനമായ ആനുകൂല്യം പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനമാണ് കാണിക്കുന്നത്. കാസര്‍കോട് കടപ്പുറത്തെ മത്സ്യ തൊഴിലാളിയുടെ മകന് സനൂപിന്റെ ദൂരൂഹ മരണത്തിന്റെ അന്വേഷണം ഭരണ സ്വാധീനത്താല്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. പാവപ്പെട്ട മത്സ്യ പ്രവര്‍ത്തകരോട് കാണിക്കുന്ന ഈ ഇരട്ട നീതി ഇനിയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ ജില്ലാ തല സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പവിത്രന്. ധര്‍ണ്ണയ്ക്ക് ജില്ലാ സംഘടനാ സെക്രട്ടറി ഭാസ്കരന്, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍മാരായ ഉമാ, മനു, രവീന്ദ്രന് കാഞ്ഞങ്ങാട് എന്നിവര്‍ നേതൃത്വം നല്കി. ആര്.ഗണേഷ് കീഴൂര്‍ അദ്ധ്യക്ഷത വഹിച്ചു. വിനോദ് കുമ്പള സ്വാഗതവും, ഗണേഷ് കാസര്‍കോട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: