കണ്ണൂര്‍: വര്‍ഷങ്ങളായി തീര്‍പ്പാക്കാതിരുന്ന കേസുകള്‍ക്ക് പെട്ടെന്ന് തീര്‍പ്പാക്കാന്‍ കണ്ണൂര്‍ ജില്ലാ കോടതിയില്‍ ലോക് അദാലത്ത് നടന്നു. കേസുകള്‍ ആറ് ബൂത്തുകളിലായി വിഭജിക്കപ്പെട്ടാണ് അദാലത്ത് നടപ്പിലാക്കിയത്. 2500 കേസുകളിലെ അംഗങ്ങള്‍ക്കാണ് അദാലത്തിന് ഹാജരാകാന്‍ വേണ്ടിയുള്ള ലീഗല്‍ സര്‍വ്വീസ് താലൂക്ക് കമ്മിറ്റി നോട്ടീസ് അയച്ചത്. കോടതികളില്‍ നിലവിലുള്ള സിവില്‍ ക്രിമിനല്‍ കേസുകള്‍ക്കു പുറമെ റവന്യു ലേബര്‍, സഹകരണം എന്നീ വകുപ്പുകളില്‍ തീര്‍പ്പാക്കാതെ കിടന്ന ഫയലുകള്‍, കുടുംബകോടതി കേസ്, മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ പരാതികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ടെലിഫോണ്‍-മൊബൈല്‍ കമ്പനികളുടെ പരാതിയും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മുമ്പാകെ ഫയല്‍ ചെയ്ത പ്രീലിറ്റിഗേഷന്‍ കേസുകളുമാണ് അദാലത്തില്‍ പരിഗണിച്ചത്. ഇത് കൂടാതെ കണ്ണൂര്‍ താലൂക്കിലെ 13 ബാങ്കുകളുടെ വിവിധ ശാഖകളിലെ 700 കേസുകള്‍ അദാലത്തില്‍ പരിഗണനക്ക് വരുന്ന കേസുകളില്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പെറ്റിക്കേസുകളാണ് അദാലത്തിലെത്തിയത്. 2000ത്തിലധികം പെറ്റിക്കേസുകള്‍ പരിഗണനയില്‍ വന്നു.
വര്‍ഷാ വര്‍ഷങ്ങളിലെ കണക്കനുസരിച്ചാണെങ്കില്‍ പെറ്റിക്കേസുകള്‍ വര്‍ധിച്ചു വരികയാണ്. ട്രാഫിക് നിയമ ലംഘനം, പൊതുജന ശല്യം, മദ്യപിച്ച് വാഹനം ഓടിക്കുക, നിസാര അപകടങ്ങള്‍ തുടങ്ങിയവയാണ് പെറ്റിക്കേസുകളില്‍പ്പെടുന്നത്. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍, ട്രാഫിക് പോലീസ് സ്‌റ്റേഷന്‍, കണ്ണപുരം, മയ്യില്‍, ഇരിക്കൂര്‍, വളപട്ടണം എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെറ്റിക്കേസുകളാണ് അ്ദാലത്തിലെത്തിയത്. ലീഗല്‍ സര്‍വ്വീസ് ചെയര്‍മാന്‍ ഫാമിലി ജഡ്ജ് ഡി.അജിത്ത് കുമാര്‍ ലോക് അദാലത്ത് നയിച്ചു. സബ്ബ ജഡ്ജ് കെ.ലില്ലി, പ്രിന്‍സിപ്പള്‍ മുന്‍സിഫ് ജഡ്ജ് പി.എം.ശൈജന്‍ അഡീഷനല്‍ മുന്‍സിഫ് രശ്മി രവീന്ദ്രന്‍ വിവിധ ബൂത്തുകളിലായി കേസ് പരിഗണിച്ചു.
















