തലശ്ശേരി: ജോലി വാഗ്ദാനം ചെയ്ത് ക്രിമിനല്‍ കേസില്‍ കുടുക്കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അഞ്ചരക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ചെയര്മാന് മാട്ടൂലിലെ വളയില്‍ തെക്കെ പുരയില്‍ അബ്ദുള്‍ ജബ്ബാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി. അബ്ദുള്‍ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ പാര്‍ക്ക് റോയല്‍ ഹോട്ടലിലെ സൂപ്പര്‍വൈസറായിരുന്ന കൂത്തുപറമ്പിനടുത്ത നിര്‍മ്മലഗിരിയിലെ പെരുന്നക്കാട് പി.ടി.ടോമിയാണ് അഡ്വ.കെ.ഇ.ഇട്ടൂപ്പ് മുഖേന ഹരജി നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ ക്ലീനിങ്ങ് ജോലിക്കായി തൊഴിലാളികളെ വിട്ടു നല്‍കിയെങ്കിലും അവര്‍ക്ക് ഗ്രാറ്റിവിറ്റി, ബോണസ്, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ജില്ലാ ലേബര്‍ ഓഫീസില്‍ പരാതിക്കാരന്റെ വ്യാജ ഒപ്പിട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തതിനാല്‍ ലേബര്‍ ഓഫീസറുടെ പരാതി പ്രകാരം പരാതിക്കാരനെതിരെ ക്രിമിനല്‍ കേസുകള്‍ സൃഷ്ടിച്ച് പീഡിപ്പിച്ചു എന്നാണ് ഹരജിയില്‍ പറയുന്നത്. പരാതിക്കാരനെ സൂപ്പര്‍വൈസര്‍ തസ്തിക നല്കി 2012 ല്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നിന്ന് ലേബര്‍ കോണ്‍ട്രാക്ട് ലൈസന്‍സ് എല്പ്പിക്കുകയും ഇതിന്റെ മറവില്‍ വ്യാജരേഖ ചമക്കുകയും ചെയ്തു. തൊഴിലാളികള്‍ അവകാശങ്ങള്‍ക്കായി സമരം നടത്തിയപ്പോള്‍ ഈ രേഖകള്‍ ഉപയോഗിച്ച് പരാതിക്കാരനെ വഞ്ചിക്കുകയും ചെയ്തു. ചെയര്മാന് അബ്ദുള്‍ ജബ്ബാറിന് പുറമേ എം.ഡി ഡോ.ഹാഷിം, അക്കൗണ്ടന്റ് കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റര്‍ കൃഷ്ണന്, ജീവനക്കാരായ സഹദേവന്, സംഗീത് എന്നിവരാണ് എതിര്‍കക്ഷികള്‍. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി മറ്റ് നടപടികള്‍ക്കായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: