ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ 2009 മുതല്‍ ഇതുവരെയായി 80ലേറെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന് ബിജുജനതാ ദള്‍ എംപി ഭര്‍തൃഹരി മഹ്താബ്. ഭാരത വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന അവിടുത്തെ വിഘടനവാദി നേതാക്കള്‍ക്ക് എന്തിനാണ് സുരക്ഷ നല്‍കുന്നതെന്നും അദ്ദേഹം ലോക്‌സഭയില്‍ ചോദിച്ചു.കശ്മീരിപണ്ഡിറ്റുകളുടെ പുനരധിവാസം സംബന്ധിച്ച് ബിജെപി എംപി നിശികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയത്തിന്‌മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭര്‍തൃഹരി മഹ്താബ്.
എണ്‍പതിലേറെ ക്ഷേത്രങ്ങളാണ് ഇല്ലാതായത്. ഭീകരത വര്‍ദ്ധിച്ച ശേഷം മൂന്നര ലക്ഷം ഹിന്ദുക്കളാണ് ജമ്മുകശ്മീരില്‍ നിന്ന് പലായനം ചെയ്തത്.89നു മുന്‍പ് 436 ക്ഷേത്രങ്ങളാണ് അവിടെയുണ്ടായിരുന്നത്.അവയില്‍ 266 അമ്പലങ്ങള്‍ക്ക് കുഴപ്പമില്ല. 170 എണ്ണത്തിന് കേടുപാടുകള്‍ സംഭവിച്ചു. 90 എണ്ണം പുനരുദ്ധരിച്ചു. ബാക്കി 80 എണ്ണത്തിന് എന്തുപറ്റി. 2009ലെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് സൂചിപ്പിച്ച് അദ്ദേഹം ചോദിച്ചു.
വിഘടനവാദികളുടെ സുരക്ഷയ്‌ക്കുവേണ്ടി സര്‍ക്കാര്‍ എത്രപണമാണ് ചെലവഴിക്കുന്നത്. അവര്‍ കശ്മീര്‍ താഴ്‌വരയില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമല്ല പാക് ഹൈക്കമ്മീഷനെ സന്ദര്‍ശിക്കാന്‍ ദല്‍ഹിയില്‍ വരുമ്പോഴും സുരക്ഷ നല്‍കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. സമയം കിട്ടുമ്പോഴെല്ലാം അവര്‍ രാഷ്‌ട്രത്തിന് എതിരെ പ്രസംഗിക്കും. എന്നിട്ടും നാം അവര്‍ക്ക് സുരക്ഷ നല്‍കും.
കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തിയത് ആരാണ്. പുല്‍വാമയില്‍ ന്യൂനപക്ഷത്തെ( ഹിന്ദുക്കള്‍) കൊന്നൊടുക്കിയത് ആരാണ്. മടങ്ങി വന്നാല്‍ ജീവിതം സുരക്ഷിതമാവില്ലെന്ന് അവരെ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നത് ആരാണ്.അവരാണ് പാക്കിസ്ഥാന്റെ അനുയായികള്‍. അദ്ദേഹം പറഞ്ഞു.
ഷിയാ സുന്നി ഭിന്നത വിവരിച്ച അദ്ദേഹം പാക്കധിനിവേശകശ്മീര്‍ പാക്കിസ്ഥാന്റെ കൈയില്‍ തന്നെ ഇരിക്കുമെന്ന ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയെയും പരിഹസിച്ചു.
















