ന്യൂദല്‍ഹി: വേഗതയേറിയ ട്രെയിനുകള്‍ മാത്രമല്ല വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും ഭാരതത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് സ്വാഗതമാശംസിച്ച ശേഷം ഭാരത– ജപ്പാന് ബിസിനസ് ലീഡേഴ്സ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഭാരതത്തിന്റെ മാനവവിഭവശേഷിയും സാങ്കേതിക മികവും അതുല്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭാരതത്തില്‍ നിന്നും മാരുതി സുസൂക്കി കാറുകള്‍ ജപ്പാന് വാങ്ങുമെന്നും മോദി പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്കായി ജപ്പാനില്‍ 80,000 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ടെന്ന് അറിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.
ജപ്പാനിലെ വേഗതയേറിയ ട്രെയിനിനേക്കാളും വേഗമാര്‍ന്നതാണ് നരേന്ദ്ര മോദിയുടെ പദ്ധതികളെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. എല്ലാവരെയും ഒപ്പം നിര്‍ത്തിയാണ് മോദി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭാരത – ജപ്പാന് ബന്ധത്തില്‍ വളര്‍ച്ചയാണുണ്ടായത്. ശക്തമായ ഭാരതം ജപ്പാനും ശക്തമായ ജപ്പാന് ഭാരതത്തിനും ഗുണം ചെയ്യുമെന്നും ആബെ പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ജപ്പാന് പ്രധാനമന്ത്രി വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് ഇന്ത്യയിലെത്തിയത്. ‘ഫിനോമിനല്‍ ലീഡര്‍’ എന്നാണ് ഷിന്‍സോ ആബെയെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
98,000 കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും ആണവകരാറുമാണ് അബെയുടെ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട. പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. ന്യൂദല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം മോദിയും അബെയും വാരണാസിയിലേയ്ക്ക പോകും. വാരാണസിയിലെത്തുന്ന അബെ ഗംഗാ നദിയില്‍ ആരതി അര്‍പ്പിയ്ക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: