ആഭരണവ്യാപാരമേഖലയില്‍ കോടിക്കണക്കിന് രൂപയാണ് വിവിധതരം നികുതിവെട്ടിപ്പുമൂലം സര്‍ക്കാരിന് നഷ്ടമാവുന്നത്. ഏകദേശം 5000 മെട്രിക് ടണ്‍ സ്വര്‍ണ്ണമാണ് ഭാരതത്തിലെ വാര്‍ഷിക ഇറക്കുമതി. ഇതില്‍ 900 മെട്രിക് ടണ്‍ മാത്രമാണ് ഔദ്യോഗികമായത്. ബാക്കി അനധികൃതമാര്‍ഗ്ഗത്തിലാണ്. കസ്റ്റംസ്ഡ്യൂട്ടി ഇനത്തില്‍ 1,21,770 കോടിരൂപയും, ആദായ നികുതി ഇനത്തില്‍ 6642 കോടിരൂപയും ആണ് ഇതുമൂലം രാജ്യത്തിന് നഷ്ടമാവുന്നത്.
ഇതിനു പ്രധാന കാരണം നമ്മുടെ അശാസ്ത്രീയമായ നികുതി ഘടനകള്‍ തന്നെയാണ്.
ആഭരണവ്യാപാരത്തില്‍ കേരളത്തില്‍ നിലവിലുള്ള വാറ്റ് നിരക്ക് അഞ്ചു ശതമാനമാണ.് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാലിരട്ടി കൂടുതല്‍. എന്നാല്‍, സ്വമേധയാ കോമ്പൗണ്ടിങ് സമ്പ്രദായം സ്വീകരിക്കുന്ന വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്നും 1.15% മുതല്‍ 1.25% വരെ നികുതി ഈടാക്കിയാല്‍ മതി എന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
ആകര്‍ഷകമായ ബദല്‍ മാര്‍ഗ്ഗം എന്നു തോന്നാം. എന്നാല്‍ ഇതില്‍ കെണിയുണ്ട്. കോമ്പൗണ്ടിങ് സമ്പ്രദായ പ്രകാരം കുറഞ്ഞനിരക്കില്‍ ഉപഭോക്താക്കളില്‍നിന്നും നികുതി ഈടാക്കിയ വ്യാപാരികള്‍ പക്ഷെ സര്‍ക്കാറില്‍ അടക്കേണ്ടത് മുന്‍വര്‍ഷം അടച്ച നികുതിയുടെ 115% മുതല്‍ 125% വരെ തുകയാണ്. എല്ലാവര്‍ഷവും വ്യാപാരത്തില്‍ ഉണ്ടാവുന്ന വര്‍ദ്ധന മുന്‍കൂര്‍ വകയിരുത്തിയാണ് ഈ ശതമാനം നിശ്ചയിച്ചിട്ടുള്ളത്. വില്പനയില് വര്‍ഷംതോറും വര്‍ദ്ധവുണ്ടായേക്കാമെന്ന ഊഹത്തിലാണ് ഇൗ സമ്പ്രദായം എന്നറിയുമ്പോഴാണ് ഇതിന്റെ അശാസ്ത്രീയതയും അപ്രായോഗികതയും മനസ്സിലാവുക.
സ്വര്‍ണ്ണത്തിന്റെ വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ സ്വര്‍ണ്ണവ്യാപാര സ്ഥാപനങ്ങളുടെ വിറ്റുവരവിനെ ബാധിക്കും. അത് പ്രവചിക്കാനോ കണക്കുകൂട്ടാനോ സാധ്യമല്ല. പക്ഷെ നമ്മുടെ നികുതിവ്യവസ്ഥ അനുസരിച്ച് നഷ്ടംസഹിച്ചും സ്വന്തം പോക്കറ്റില്‍ നിന്നെടുത്തും സര്‍ക്കാരിലേക്ക് നികുതിയടയ്ക്കേണ്ട സ്ഥിതിവിശേഷമാണ് സത്യസന്ധമായി കണക്കുകള്‍ സൂക്ഷിക്കുന്ന വ്യാപാരികള്‍ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്.
ഉപഭോക്താവില്‍ നിന്നും പിരിച്ചെടുത്ത നികുതിയും സര്‍ക്കാറിലേക്ക് അടയ്ക്കേണ്ട നികുതിയും തമ്മിലുള്ള ഭീമമായ അന്തരം സ്വാഭാവികമായും സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് നയിക്കും. അതിനാല്‍, നല്ലൊരുശതമാനം കച്ചവടവും അനധികൃത മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുമെന്നതാണ് ഇത്തരം പാഴ്നിയമങ്ങളുടെ ദൂഷ്യഫലം. കേരളത്തില്‍ 80 ശതമാനത്തോളം വ്യാപാരവും ഇങ്ങനെ അനധികൃതമായി മാറിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.
ഔദ്യോഗിക ഏജന്‍സികളുടെ പഠനം അനുസരിച്ച് 1,13,400 കോടിരൂപയാണ് കേരളത്തിലെ സ്വര്‍ണ്ണവ്യാപാരരംഗത്തെ മൊത്തം വാര്‍ഷികവിറ്റുവരവ്. ഇതില്‍ ഔദ്യോഗികമായ കണക്കുകളില്‍പ്പെടുത്തിയിരിക്കുന്നത് വെറും 34,020 കോടിരൂപയാണ്. ബാക്കി 79,380 കോടിരൂപയുടെ വ്യാപാരം നടക്കുന്നത് അനധികൃതമേഖലയില്‍ ആണ്. ഇതുമൂലം കോടിക്കണക്കിനുരൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടം.
നിയമാനുസൃതമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ ഒരു പവന് 3200 രൂപയോളം വിവിധ നികുതികളായി സര്‍ക്കാരിലേക്ക് നല്‍കുന്നുണ്ട്. എന്നാല്‍ അണ്‍അക്കൗണ്ടഡ് കച്ചവടക്കാര്‍ക്ക് ഈ ബാധ്യതയില്ല. ഈ തുക ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന പലവിധ മാഫിയകളുടെ പോക്കറ്റിലേക്കാണ് പോവുന്നത്. ഫലമോ സര്‍ക്കാര്‍ ഖജനാവിന് വന്‍തോതിലുള്ള വരുമാന നഷ്ടവും.
നിരവധി തവണ സംസ്ഥാനസര്‍ക്കാറിന്റെ ശ്രദ്ധയില്‍ ഈ വിഷയത്തിന്റെ ഗൗരവം അവതരിപ്പിച്ചിട്ടും നിയമവിധേയമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആകുലതകള്‍ ചെവിക്കൊള്ളാന്‍ സര്‍ക്കാറും, ഉദ്യാഗസ്ഥ സംവിധാനങ്ങളും തയ്യാറാവുന്നില്ല. കണക്കുകള്‍ നികുതിവകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനവുമായി ലിങ്ക് ചെയ്ത് സുതാര്യമാക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് അറിയിച്ച് പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു.
ക്രിയാത്മകമായ ഒരു പ്രതികരണവും ഭരണസംവിധാനത്തില്‍ നിന്ന് ഉണ്ടായില്ല. മറിച്ച്, വിലക്കുറവും, വില്‍പ്പനമാന്ദ്യവും കണക്കിലെടുക്കാതെ ഓരോവര്‍ഷവും കോമ്പൗണ്ടിങ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഭരണകൂടം.ഉപഭോക്താവില്‍ നിന്നും ഈടാക്കാത്ത കോടിക്കണക്കിന് രൂപയാണ് ഈ മേഖലയില്‍ സത്യസന്ധമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാറിലേക്ക് വര്‍ഷംതോറും അടച്ചുകൊണ്ടിരിക്കുന്നത്.
കണക്കില്‍ കാണിക്കാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളെ നികുതി കൃത്യമായി അടക്കാന്‍ പ്രോത്സാഹിപ്പിക്കണമെങ്കില്‍ നികുതി ഘടനയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തിയെ തീരൂ.
എം.പി. അഹമ്മദ്, ചെയര്മാന്,
മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: