മുംബൈ: വാഹനാപകട കേസില്‍ സല്‍മാന്‍ ഖാനെ വെറുതേ വിട്ടതിനെതിരെ സംഭവത്തില്‍ കൊല്ലപ്പെട്ട നൂറുള്ള മഹബൂബ് ഷേക്കിന്റെ മകന്‍ ഫിറോസ് ഷേക്ക്. സല്‍മാന്‍ കുറ്റക്കാരനല്ലെങ്കില്‍ തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദി ആരെന്ന് ഫിറോസ് ചോദിച്ചു.
സല്‍മാന്‍ ഖാനോട് ക്ഷമിച്ചിരിക്കുന്നു. സല്‍മാന്‍ ശിക്ഷിക്കപ്പെടുന്നതോ അദ്ദേഹത്തെ വെറുതേ വിടുന്നതോ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല. എന്നാല്‍ 13 വര്‍ഷത്തിനുശേഷവും തന്റെ പിതാവിന്റെ ഘാതകനെ കണ്‌ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നത് നിരാശജനകമാണെന്നും ഫിറോസ് പറഞ്ഞു.
സല്‍മാനില്‍ നിന്നും സഹായം എന്തെങ്കിലും കിട്ടിയാല്‍ തന്റെ കുട്ടികള്‍ക്കെങ്കിലും നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയുമെന്നും ഫിറോസ് പറയുന്നു. 2002 സെപ്തംബറില്‍ ബാന്ദ്രയിലെ അമേരിക്കന്‍ ബേക്കറിക്കു മുന്നില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി വെറുതേവിട്ടിരുന്നു.
അപകടത്തില്‍ നൂറുള്ള മഹബൂബ് മരിക്കുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെഷന്‍സ് കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനെതിരേയായിരുന്നു ഹൈക്കോടതി വിധി.
















