ന്യൂദല്‍ഹി: അതിവേഗം നഗരവല്‍ക്കരണം നടക്കുന്ന കേരളത്തിന് സബര്‍ബന്‍ റെയില്‍ കമ്പനി രൂപീകരിച്ച് റെയില്‍ വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപ്രതീക്ഷിത സഹായമായി. എല്ലാവിധ സാങ്കേതിക-നിര്‍മ്മാണ സഹായങ്ങളും കേരളത്തിന് നല്‍കുമെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിനും കേന്ദ്രസര്‍ക്കാരിനും തുല്യപങ്കാളിത്തമുള്ള കമ്പനിയായിരിക്കും രൂപീകരിക്കുക. കമ്പനി സംബന്ധിച്ച എംഒയു ഒപ്പുവെയ്ക്കാന്‍ തീരുമാനിച്ചതായി യോഗശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ശബരിപ്പാത യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണെന്നും അടുത്ത ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഭൂമിയേറ്റെടുക്കാതെ പദ്ധതി വര്‍ഷങ്ങളോളം വൈകിപ്പിച്ചത് മൂലം നിര്‍മ്മാണ ചെലവ് പതിനഞ്ച് ഇരട്ടിയായെന്ന് റെയില്‍മന്ത്രി കേരളത്തെ അറിയിച്ചു.
കാലടി വരെ പൂര്‍ത്തിയായിട്ടുണ്ട്. പെരുമ്പാവൂര്‍ വരെ സ്ഥലമെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്.
പുതിയ ട്രെയിനുകള്‍ സംബന്ധിച്ച് റെയില്‍വേ മന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറി പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി ഇന്ന് സ്റ്റീല്മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: