ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നിരക്ഷരരെ വിലക്കാമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കു മേലുള്ള ന്യായമായ നിയന്ത്രണമായിരിക്കും ഇതെന്നും ചരിത്രം കുറിച്ചുള്ള വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥികള്‍ക്ക് കുറഞ്ഞ യോഗ്യത നിശ്ചയിച്ച ഹരിയാന സര്‍ക്കാരിന്റെ തീരുമാനം പരമോന്നത നീതിപീഠം ശരിവെച്ചു. സ്ഥാനാര്‍ഥികള്‍ക്ക് വീട്ടില്‍ കക്കൂസ് ഉണ്ടെങ്കില്‍ മാത്രമേ മത്സരിക്കാന്‍ അനുവദിക്കാവൂയെന്ന തീരുമാനവും സുപ്രീം കോടതി അംഗീകരിച്ചു.
പുരുഷന്മാര്‍ പത്താം ക്ലാസും സ്ത്രീകള്‍ എട്ടാം ക്ലാസും ദളിതര്‍ അഞ്ചാം ക്ലാസും ജയിച്ചിട്ടുങ്കെില്‍ മാത്രമേ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയൂയെന്നാണ് ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചത്. വലിയൊരു വിഭാഗം ജനങ്ങളെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നീക്കമാണിതെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം സ്ത്രീകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിട്ടുമുണ്ട്.
2015 ലെ ഹരിയാന പഞ്ചായത്തീരാജ് നിയമ ഭേദഗതി കാരണം ഗ്രാമങ്ങളിലെ 20 വയസിനു മുകളിലുള്ള 83.06 ശതമാനവും നഗരങ്ങളിലെ 67 ശതമാനവും സ്ത്രീകള്‍ക്കും മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായെന്നും ഹര്‍ജികളില്‍ ആരോപിച്ചിരുന്നു.
















