ഒരാള്‍ക്ക് തന്നോട് തന്നെയുള്ള ധര്‍മം, താന്‍ ആരെന്നും ഈശ്വരനുമായുള്ള തന്റെ ബന്ധം എന്തെന്നും അറിയുകയാണ്. സ്വയം ഈശ്വരനില്‍ വിലയിക്കുകയും അവിടുത്തെ ദിവ്യ ഉപകരണമായി പുനരുജ്ജീവിക്കുകയും ചെയ്യുന്നതാണ് ഈശ്വരനോടുള്ള ധര്‍മം. സഹജീവികളോടുള്ള ധര്‍മം ജീവിതത്തിലെ പുരുഷാര്‍ത്ഥങ്ങള്‍ നേടുന്നതില്‍ പരസ്പരം സഹായിക്കുകയാണ്.
തന്നോടും ഈശ്വരനോടും സഹജീവികളോടുമുള്ള ഈ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് നിങ്ങള്‍ അഹന്തയ്‌ക്കും ഗര്‍വിനുമെതിരെ ജാഗരൂകത പാലിക്കേണ്ടത് അത്യാവശ്യമാണ്.
പേരിനും പെരുമയ്‌ക്കും അഭിലഷിക്കരുത് മക്കളേ. പ്രതിഫലങ്ങളോടും പ്രത്യുപകാരങ്ങളോടും ആകൃഷ്ടരാകരുത്. ശരിയും, തെറ്റും, നന്മയും, തിന്മയും, ധര്‍മവും, അധര്‍മവും എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യാന്‍ പാടില്ലാത്തതെന്നും വിവേചിച്ചറിയുവാന്‍ സമര്‍ത്ഥമായ സൂക്ഷ്മദൃഷ്ടി നിങ്ങള്‍ക്കുണ്ടായിരിക്കണം. മായ ചമച്ച വലയില്‍ കുടുങ്ങിപ്പോകാതെ നിസ്സംഗരായി വര്‍ത്തിച്ചുകൊണ്ട് സ്വന്തം അന്തരാത്മാവിലേക്ക് പിന്‍വാങ്ങി കര്‍മനിരതരാകുവാന്‍ നിങ്ങള്‍ക്ക് കഴിയണം.
ഇതാണ് ആത്മജ്ഞാനംകൊണ്ടുള്ള പ്രയോജനം. മനസ്സിനെ സുഖദുഃഖങ്ങള്‍ക്ക് ഉപരി ഉയര്‍ത്തി, ജീവാത്മാവിനെ പുണ്യപാപങ്ങളാകുന്ന ശൃംഖലകളില്‍നിന്ന് മോചിപ്പിക്കുന്നത് ആത്മജ്ഞാനമാണ്. ഈ ആത്മജ്ഞാനമാണ് നിരവധി നൂറ്റാണ്ടുകളുടെ പരമ്പരയിലൂടെ ഭാരതം പോറ്റി വളര്‍ത്തിയ അനശ്വര സമ്പത്ത്. സനാതനധര്‍മത്തിന്റെ അന്തഃസത്ത ജ്ഞാനമാണ്. സംസ്‌കാരത്തിന്റെ പ്രഭവസ്ഥാനവും ജീവിതത്തിലെ സംരക്ഷണശക്തിയും ധര്‍മത്തില്‍ ആര്‍ക്കും ഉറച്ചുനില്‍ക്കാന്‍ സാധിക്കയില്ല. ധര്‍മാനുഷ്ഠാനമാണ് മനസ്സിനെ സംശുദ്ധമാക്കുന്നതും ജ്ഞാനമാകുന്ന ആത്മതേജസ്സിനെ പ്രതിബിംബിപ്പിക്കുന്നതും. ഇപ്രകാരം ജ്ഞാനവും ധര്‍മവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
എവിടെ ഒന്നുണ്ടോ അവിടെ മറ്റതും ഉണ്ടായിരിക്കും. അവ പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ജ്ഞാനത്തിനും ധര്‍മത്തിനും ഉപരിയാണ് സത്യവസ്തു.















