ന്യൂദല്‍ഹി: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയും പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും ചെയ്ത റഷ്യന്‍ നയതന്ത്ര പ്രതിനിധിക്കെതിരെ ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ റഷ്യന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ദല്‍ഹി പോലീസ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കേസുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശം റഷ്യന്‍ എംബസിക്കും പോലീസ് നല്കി.
അമിതമായി മദ്യപിച്ച റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് അതിവേഗത്തില്‍ ഓടിച്ചുവന്ന കാര്‍ മോത്തിബാഗില്‍ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം പോലീസ് ബാരിക്കേടും തകര്‍ത്താണ് നിന്നത്. രാത്രി 1.30നായിരുന്നു സംഭവം. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാകാതിരുന്ന റഷ്യന്‍ ഉദ്യോഗസ്ഥന് പോലീസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. ബൈക്ക് യാത്രികര്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. റഷ്യന്‍ ഉദ്യോഗസ്ഥനും ബാരിക്കേടില്‍ കാറിടിച്ച ആഘാതത്തില്‍ മൂക്കിന് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: