ന്യൂദല്‍ഹി: ആര് ആരുടെ മരുമകളാണെന്ന് നോക്കിയല്ല ഭാരതത്തില്‍ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 1967ലെ ഭാരതമല്ല 2015ലെ ഭാരതം. സോണിയ ഗാന്ധി ഇന്ദിരാ ഗാന്ധിയുമല്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകളാണെന്നും കേസിനെ ഭയപ്പെടുന്നില്ലെന്നുമുള്ള സോണിയ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു രവിശങ്കര്‍ പ്രസാദ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപിക്ക് പങ്കില്ല. പോലീസോ സര്‍ക്കാരോ കേസില്‍ ഇടപെടുന്നില്ല. കേസ് കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബിജെപി ഭരണത്തിലെത്തുന്നതിനും മുമ്പ് 2013ല്‍ ആണ് നാഷണല്‍ ഹെറാള്‍ഡ് കേസ് ഫയല്‍ ചെയ്യപ്പെട്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോടതി നടപടികള്‍ക്ക് പാര്‍ലമെന്റില്‍ പരിഹാരം കാണാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഹര്‍ജി നല്കിയ വ്യക്തിയെക്കുറിച്ച് മാത്രമാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. ഹര്‍ജിയിലെ ആരോപണങ്ങളെ കുറിച്ച് നിശബ്ദത പാലിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
2ജി, കോമണ്‍വെല്‍ത്ത്, കല്‍ക്കരിപ്പാടം തുടങ്ങിയ കേസുകളും രാഷ്ട്രീയപ്രേരിതമാണോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. പാര്‍ലമെന്റിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 19ന് ആണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. അന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: