ഗുരുവിനെ കൂടാതെ ഒരുവന്‍ വിശ്വാസയോഗ്യതയോടു കൂടി സല്‍ക്കര്‍മ്മിയാകുവാന്‍ സാധിക്കുന്നില്ല.
കാരണം ഗുരുവില്ലാത്തവന്‍ ചിന്തിച്ചു നന്മയും തിന്മയും തിരിച്ചറിഞ്ഞുവെന്ന് മാത്രമേ ഉള്ളു. എന്നാല്‍ കര്‍മ്മത്താല്‍ മോക്ഷത്തെ ബന്ധിച്ചിട്ടില്ല. അതിനാല്‍ അവന്‍ മോക്ഷത്തെ അനുഭവിക്കുന്നില്ല. അനുഭവിക്കയുമില്ല.
ഇങ്ങനെയിരിക്കെ സംശയം തീര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു വിശ്വാസം ഗുരുവിനെ കൂടാതെ സാദ്ധ്യമല്ല. ഉദാഹരണം, ദൈവത്തെ കൂടാതെ ലോകസൃഷ്ടിയോ ലോകസൃഷ്ടിയെ കൂടാതെ സ്രഷ്ടാവോ; സൂര്യനെ കൂടാതെ പകലോ, പകലിനെ കൂടാതെ സൂര്യനോ; പൂരുഷനെ കൂടാതെ സ്ത്രീയോ, സ്ത്രീയെ കൂടാതെ പുരുഷനോ; അച്ഛനെ കൂടാതെ മകനോ, മകനെ കൂടാതെ അച്ഛനോ; തളളയെ കൂടാതെ മകളോ, മകളെ കൂടാതെ തള്ളയോ; ജനനം കൂടാതെ മരണമോ, മരണത്തെ കൂടാതെ ജനനമോ; സ്വരൂപം കൂടാതെ നാമമോ, നാമം കൂടാതെ സ്വരൂപമോ; അക്ഷരം കൂടാതെ ശബ്ദമോ, ശബ്ദം കൂടാതെ അക്ഷരമോ; ഗുരുവിനെ കൂടാതെ ശിഷ്യനോ, ശിഷ്യനെ കൂടാതെ ഗുരുവോ, ശ്രുതികൊണ്ടും, യുക്തികൊണ്ടും, അനുഭവം കൊണ്ടും; സൃഷ്ടി കൊണ്ടും, സ്ഥിതി കൊണ്ടും, സംഹാരം കൊണ്ടും, ലോകസൃഷ്ടി മുതല്‍ ഇന്നാള്‍ വരെ ഉണ്ടായിട്ടുമില്ല, ഉണ്ടാകുകയുമില്ല, ഉണ്ടാകേണ്ടതായി ആവശ്യവും ഇല്ല.















