വിഴിഞ്ഞം: കാല് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം വിഴിഞ്ഞംതുറമുഖ നിര്‍മാണത്തിനു ഇന്ന് തറക്കല്ലു വീഴുമ്പോള്‍ വിഴിഞ്ഞം മുക്കോല പ്രദേശത്ത് ഉത്സവ പ്രതീതി. വഴി നീളെ തുറമുഖ പദ്ധതിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ബോര്‍ഡുകള്‍. ഉദ്ഘാടനത്തിനു സജ്ജമായത് ആധുനിക രീതിയില്‍ രൂപ കല്പന ചെയ്ത ശീതീകരിച്ച വേദി. പന്തലില്‍ 2500 പേര്‍ക്കിരിക്കാം.പുറത്ത് 1500 പേര്‍ക്കും ഇരിക്കാന്‍ സൗകര്യമുണ്ടാവും. നാലായിരത്തോളം പേര് കാണികളായെത്തും.ഉദ്ഘാടന വേദിയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അദാനിയുടെ മകനും കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറുമായ കരണ്‍ അദാനിയെത്തി. കരണിനു പിന്നാലെ വകുപ്പു മന്ത്രി കെ.ബാബുവും സ്ഥലത്തെത്തി. വേദിയും പരിസരവും വീക്ഷിച്ച കരണ്‍ ബന്ധപ്പെട്ടവരുമായി കുറേ നേരം ചെലവഴിച്ചാണ് മടങ്ങിയത്. ഇതിനിടക്കാണ് മന്ത്രി കെ.ബാബു സ്ഥലത്തെത്തിയത്. ഒരുപാട് പ്രതിസന്ധികള്‍ കടന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ അനുകൂലമായതാണ് പദ്ധതി വേഗത്തില്‍ തുടങ്ങാനായത്. നിര്‍മാണത്തിനു ആയിരം ദിവസം വേണമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും അതിനു മുന്‍പേ തീര്‍ക്കാനാണ് ശ്രമം. ഇതിനു കാലാവസ്ഥ അനുകൂലമാവണം. ചടങ്ങിനെ പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ താന്‍ നിസഹായനാണെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു ക്ഷണിക്കുന്നതും ചടങ്ങ് സംഘടിപ്പിക്കുന്നതും അദാനി ഗ്രൂപ്പാണെന്നും മന്ത്രി പറഞ്ഞു.അദാനി ഗ്രൂപ്പ് കമ്പനി ചെയര്മാന് ഗൗതം അദാനി ഇന്നെത്തും.
ഉദ്ഘാടന വേദിയും പരിസരവും കനത്ത പോലീസ് കാവലിലാണ്. ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ്. മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ എത്തുന്ന ഉദ്ഘാടന വേദിയുള്പ്പെടുന്ന സ്ഥലത്ത് 300 അധികം പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. കമ്മീഷണര്‍ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാവും സുരക്ഷാ ക്രമീകരണങ്ങള്‍.ചാക്ക മുതല്‍ മുക്കോല വരെ രാവിലെ മുതല്‍ ചടങ്ങ് അവസാനിക്കുന്നതു വരെ അഞ്ചു ബൈക്ക് പട്രോളിങ് യൂണിറ്റുകള്‍ സദാ റോന്തു ചുറ്റും.വേദിക്കു ചുറ്റും അന്‍പതിലേറെ മഫ്ടി പോലീസ് ഉണ്ടാവും. റോഡുകളില്‍ നിശ്ചിത സ്ഥാനങ്ങളില്‍ സ്ഥിരം പോയിന്റു ഡ്യൂട്ടിക്കു പുറമെ പോലീസ് പിക്കറ്റുകളും ഉണ്ടാവും.
തുറമുഖ പദ്ധതി വേദിക്കു പിന്നില്‍ മന്ത്രിമാരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ക്കുള്ള വിശ്രമ സ്ഥലമാണ്. നാലു നിലകളായിട്ടാണ് പന്തലിലെ ഇരിപ്പിട സജ്ജീകരണം. ആദ്യ നിരയില്‍ വിവിഐപികളായ 50 പേര്.തൊട്ടു പിന്നില്‍ വിഐപി കളായ 250 പേര്‍ക്കുള്ള ഇരിപ്പിടം.തൊട്ടുപിന്നില്‍ മാധ്യമവേദി.വേദിക്കു പിന്നിലും റോഡിനു മറുവശത്തുമായി വിശാല പാര്‍ക്കിങ് സ്ഥലമുണ്ട്.പന്തലില്‍ മധ്യഭാഗത്തു കൂടിയാണ് വേദിയിലേക്കുള്ള വഴി.വന്‍ ജനാവലിയെ ചടങ്ങിനു പ്രതീക്ഷിക്കുന്നതിനാല്‍ പന്തലിനുള്ളിലും പുറത്തും സിസി ടിവികള്‍ മുഖേനയും ഉദ്ഘാടന ചടങ്ങ് കാണാന്‍ സൗകര്യമുണ്ടാവും. ഉദ്ഘാടന വേദിയുടെയും പന്തലിന്റെയും മറ്റു സജ്ജീകരണങ്ങളുടെയും ഒരുക്കം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ജിജിതോംസണ്, കളക്ടര്‍ ബിജു പ്രഭാകര്‍, കമ്മീഷണര്‍ എച്ച്,വെങ്കിടേഷ്, അദാനി പോര്‍ട്സ് ഡയറക്ടറും വിഴിഞ്ഞം പദ്ധതി സിഇഒ: സന്തോഷ് കുമാര്‍ മൊഹാപത്ര എന്നിവരും സ്ഥലത്തെത്തിയിരുന്നു.ഇനിയുള്ള ആയിരം ദിവസത്തിനുള്ളില്‍ വിഴിഞ്ഞത്ത് തുറമുഖം രൂപമെടുക്കും. ഉദ്ഘാടനത്തിനു പിറ്റേന്നു മുതല്‍ ഡ്രജിങിനു പുറമെ ജെട്ടി നിര്‍മാണത്തിനും പുലിമുട്ടു കല്ലിടലിനും തുടക്കമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: