കാസര്‍കോട്: മീഞ്ച ഗ്രാമപഞ്ചായത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞടുപ്പില്‍ ഇടത് വലത് മുന്നണികളുടെ കൂടെ നിന്ന് തെരഞ്ഞെടുപ്പ് വരണാധികാരി ഭരണഘടനാ വിരുദ്ധമായിട്ടുള്ള തീരുമാനമാണ് സ്വീകരിച്ചതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
തദ്ദേശ സ്വംഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടത് വലത് സഖ്യം തുടരുകയാണ്. ആ സഖ്യത്തിന്റെ കൂടെ നിന്ന് പക്ഷപാത പരമായിട്ടുള്ള ഏകപക്ഷീയമായ തികച്ചും നിയമവിരുദ്ധമായ പ്രഖ്യാപനമാണ് മീഞ്ച പഞ്ചായത്തില്‍ നടത്തിയിട്ടുള്ളത്. മീഞ്ച പഞ്ചായത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് നാല് പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. അവിടെ 5 നാമനിര്‍ദ്ദേശ പത്രികകള്‍ ഉണ്ടായിരുന്നു.
നിലവിലെ നിയമമനുസരിച്ച് സ്ത്രീ പ്രാതിനിധ്യമുറപ്പിക്കുന്നതിനായി യുഡിഎഫ് അംഗം ഹേമലതയെ തെരഞ്ഞെടുത്തു. ശേഷം മൂന്ന് പേരെ തെരഞ്ഞെടുക്കണം. അതില്‍ യുഡിഎഫ് അംഗമായ ലീഗ് പ്രതിനിധി മുഹമ്മദ് കുഞ്ഞിക്ക് 10 വോട്ട് ലഭിച്ചു. അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചതിന് ശേഷം 5 വോട്ട് ലഭിച്ച പഞ്ചായത്തംഗമായ ബിജെപി പ്രതിനിധി ചന്ദ്രശേഖരയെയാണ് വിജയിയായി പ്രഖ്യാപിക്കേണ്ടത്. പക്ഷെ തെരഞ്ഞെടുപ്പ് വരണാധികാരി യുഡിഎഫിന്റെയും, എല്‍ഡിഎഫിന്റെയും കൂടെ നിന്ന് ചന്ദ്രശേഖരയെ വിജയിയായി പ്രഖ്യാപിക്കുന്നതിന് പകരം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പഞ്ചായത്തംഗം ചന്ദ്രാവതിയെ വിജയിച്ചതായി പ്രഖ്യാപിച്ചു. ചന്ദ്രവതിക്ക് രണ്ടാം ഘട്ടത്തിലാണ് 9 വോട്ട് ലഭിച്ചത്.
ബിജെപിയംഗം ചന്ദ്രശേഖരന് ആദ്യ ഘട്ടത്തില്‍ തന്നെ 5 വോട്ട് ലഭിച്ചിരുന്നു. നിലവിലെ നിയമവും ചട്ടവും അനുസരിച്ച് ചന്ദ്രശേഖരയായിരുന്നു സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് വരേണ്ടത്. ചന്ദ്രാവതിയുടെ കൂടെ രണ്ടാം ഘട്ടത്തില്‍ 5 വോട്ട് ലഭിച്ച ബിജെപിയംഗം ശാലിനിയെയും വിജയിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 5 വോട്ട് കിട്ടിയ ചന്ദ്രശേഖരനെ ഒഴിവാക്കുകയും രണ്ടാം ഘട്ടത്തില്‍ മാത്രം കൂടുതല്‍ വോട്ട് കിട്ടിയ യുഡിഎഫ് അംഗങ്ങളെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് വിജയിച്ചതായും പ്രഖ്യാപിച്ചത് ഇത് ഇടത് വലത് മുന്നണി സഖ്യത്തിന് ലഭ്യമാക്കുന്നതി വേണ്ടിയിട്ടാണ്. ഇങ്ങനെ തന്നെയാണ് മറ്റൊരു സ്റ്റാന്റിംഗ് കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെടേണ്ട ബിജെപി അംഗം കുസുമയുടെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.
സ്റ്റാന്റിംഗ് കമ്മറ്റികളില്‍ ഇടത് വലത് മുന്നണികള്‍ക്ക് അധിപത്യമുറപ്പിക്കാനായി നിയമവിരുദ്ധമായ നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കി കൊടുത്ത വരണാധികാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ് കുമാര്‍ ഷെട്ടിയും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: