കോഴിക്കോട്: സ്ത്രീപുരുഷ സമത്വവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബുബക്കര്‍ മുസല്യാരുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന അവകാശവാദം തെറ്റാണെന്ന് കാന്തപുരം എഴുതിയ ”സ്ത്രീ ജുമുഅ ജമാഅത്ത് പ്രമാണങ്ങളില്‍” എന്ന പുസ്തകം വ്യക്തമാക്കുന്നു. ഖുര്‍ ആനിലെ വിവിധ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കാന്തപുരം തന്റെ സ്ത്രീവിരുദ്ധ നിലപാടിന് സാധൂകരണം നല്‍കുന്നത്.
സ്ത്രീകളെ പൊതു ഭരണത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്നും അവള്‍ക്ക് വീട്ടുഭരണമാണ് നല്‍കിയിരിക്കുന്നതെന്നും കാന്തപുരം വ്യക്തമാക്കുന്നു. ”സ്ത്രീ അവളുടെ ഭര്‍തൃഗൃഹത്തിന്റെയും സന്താനങ്ങളുടെയും പരിപാലകയാണ്. നിങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങിക്കഴിയുക” ഇതാണ് പുസ്തകത്തിലെ നിര്‍ദ്ദേശം. സ്ത്രീയും പുരുഷനും സമന്മാരല്ലെന്നതിനാലാണ് ഈ നിബന്ധനകള്‍ എന്നും ഗ്രന്ഥം വിവരിക്കുന്നു.
സ്ത്രീകളുടെ പള്ളിപ്രവേശനത്തെപ്പറ്റിയുള്ള നിബന്ധന ഇങ്ങനെയാണ് ”സ്ത്രീകള്‍ തന്റെ വീട്ടില്‍ വെച്ച് അല്ലാഹുവിനെ ആരാധിക്കുന്നതുപോലെ മുന്തിയ രൂപത്തില്‍ സ്ത്രീക്ക് ആരാധനയില്ല. വീടിന്റെ ഉള്ളറകളില്‍ വെച്ചാണ്” ഉത്തമനിസ്കാരം. എന്നും അതിനാണ് പുണ്യം കൂടുതലെന്നും പുസ്തകം ചൂണ്ടിക്കാണിക്കുന്നു. വാരിയെല്ല് ഉള്ളിലാണെന്നത് പോലെ സ്ത്രീയും ഗോപ്യവസ്തുവാണെന്നും പുരുഷന് സ്ത്രീയേക്കാള്‍ എല്ലാ നിലക്കും ഉന്നതനാണെന്നും സമത്വവാദം നിരര്‍ത്ഥകമാണെന്നും കാന്തപുരം വിശദീകരിക്കുന്നു.
നാലു സത്രീകളെ വരെ വിവാഹം ചെയ്യാന്‍ പുരുഷന് അനുവാദമുണ്ട്. എന്നാല്‍ ഒരു സ്ത്രീക്ക് ഒന്നിലധികം ഭര്ത്താക്കന്മാരെ പ്രാപിക്കാന്‍ നിയമമില്ലെന്നും കാന്തപുരം ഹദീസുകള്‍ ഉദ്ധരിക്കുന്നു. സ്ത്രീ മറഞ്ഞു നില്‍ക്കേണ്ടവളാണ്. അവള് പുറത്തു കടന്നാല്‍ പിശാച് അവളില്‍ പ്രത്യക്ഷപ്പെടും. (അവള് അന്യരാല്‍ ആകര്‍ഷിക്കപ്പെടും) എന്ന് ഹദീസ് ഉദ്ധരിച്ചുകൊണ്ട് കാന്തപുരം പറയുന്നു. പുരുഷന്മാര് ധാരാളം വരുന്ന പെരുന്നാള്‍ പോലുള്ള ദിവസങ്ങളില്‍ സ്ത്രീകളെ ഒരുമിച്ചുകൂട്ടിയാല്‍ പരസ്പര ദര്‍ശനം തുടങ്ങിയ അനാശാസ്യ പ്രവണതകള്‍ ഉണ്ടാകുമെന്നും കാന്തപുരം വാദിക്കുന്നു.
സ്ത്രീവിരുദ്ധ നിലപാടുകളിലൂടെ വിവാദം സൃഷ്ടിച്ച കാന്തപുരം തന്റെ പ്രസ്താവനകള്‍ക്കെതിരെ പൊതുവികാരമുയര്ന്നപ്പോള് പിന്‍വലിയുകയായിരുന്നു. എന്നാല്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നും മര്ക്കസെ അഹ്ലുസ്സുന്ന പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് തന്റെ യാഥാസ്ഥിതിക നിലപാടുകള്‍ ആവര്‍ത്തിക്കുന്നത്. തന്റെ നിലപാടുകള്‍ക്ക് മുഴുവന്‍ ഖുര്‍ ആനിന്റെയും ഹദീസുകളുടെയും സൂക്തങ്ങളെയാണ് കാന്തപുരം ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: