ന്യൂദല്‍ഹി: പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ എന്ന പുസ്തകം 1988ല്‍ രാജ്യത്ത് നിരോധിച്ച രാജീവ്ഗാന്ധി സര്‍ക്കാരിന്റെ നടപടി തെറ്റായിരുന്നെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി.ചിദംബരത്തെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അസഹിഷ്ണുതാ വിവാദം ഉയര്‍ത്തി പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിക്കുന്നതിന്റെ തലേദിവസം നോക്കി ചിദംബരം നടത്തിയ പ്രസ്താവന ഭരണപക്ഷത്തിന് കോണ്‍ഗ്രസിനെതിരായ ആയുധം നല്‍കലായെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. അടിയന്തരാവസ്ഥ തെറ്റായിരുന്നെന്ന ചിദംബരത്തിന്റെ പരാമര്‍ശവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കേന്ദ്രമന്ത്രിമാരായിരുന്ന കമല്‍നാഥ്, രാജീവ് ശുക്ല എന്നിവര്‍ ചിദംബരത്തിനെതിരെ രംഗത്തെത്തി. ചിദംബരം രാജീവ്ഗാന്ധിയുടെ നടപടികളെ എതിര്‍ത്ത് രംഗത്തെത്തിയത് കോണ്‍ഗ്രസില്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ചികിത്സയ്‌ക്കായി വിദേശത്തായതിനാല്‍ മടങ്ങിയെത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യണമെന്ന നിലപാടിലാണ് നേതൃത്വത്തിലെ ഒരുവിഭാഗം.
ചിദംബരം പറഞ്ഞത് സ്വന്തം അഭിപ്രായം ആണെന്നും പാര്‍ട്ടിയുടെ അല്ലെന്നും മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് പ്രതികരിച്ചു. ചിദംബരത്തിന്റെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്നും കമല്‍നാഥ് പറഞ്ഞു. രാജീവ് ഗാന്ധിയുടെ നടപടി ശരിയായിരുന്നെന്ന് രാജീവ് ശുക്ലയും പ്രതികരിച്ചു. ക്രമസമാധാനനില കണക്കിലെടുത്തുള്ള നടപടിയാണ് രാജീവ്ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും രാജീവ് ശുക്ല പറഞ്ഞു.
സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന പുസ്തകം നിരോധിച്ച കടുത്ത മുസ്ലിം രാഷ്‌ട്രങ്ങള്‍ക്കൊപ്പമാണ് രാജീവ്ഗാന്ധിയും പുസ്തകം നിരോധിച്ചത്. കഴിഞ്ഞ 27 വര്‍ഷങ്ങളായി നിരോധനം നീക്കണമെന്ന ആവശ്യവുമായി രാജ്യത്തിനകത്ത് നിരവധി പ്രതിഷേധ സ്വരങ്ങളുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് അവയെല്ലാം അവഗണിക്കുകയായിരുന്നു. അസഹിഷ്ണുതാ വിവാദം ഉയര്‍ത്തി എന്‍ഡിഎ സര്‍ക്കാരിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസിന് അവരുടെ കാലത്തെ നടപടികളും തീരുമാനങ്ങളും തന്നെയാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
















