കാസര്‍കോട്: ജില്ലയിലെ അഞ്ച് എസ്ഐമാരെ പരസ്പരം സ്ഥലം മാറ്റി. ഇതില്‍ ആദൂര്‍ എസ്ഐ രാജേഷിനെ സ്ഥലം മാറ്റിയത് വിവാദമാകുന്നു. ആദൂര്‍ എസ്ഐ രാജേഷിനെ കാസര്‍കോട് ട്രാഫിക്കിലേക്കും കുമ്പള എസ്ഐ അനൂപിനെ അമ്പലത്തറയിലേക്കും അമ്പലത്തറ എസ്ഐ രഞ്ജിത്തിനെ കുമ്പളയിലേക്കും ഹൊസ്ദുര്‍ഗ് അഡീ.എസ്ഐ മുകുന്ദനെ ആദൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് പ്രതികളായ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് ആദൂര്‍ എസ്ഐ രാജേഷിനെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. എംഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കള്ളക്കേസുണ്ടാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആദൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് സ്ഥലം മാറ്റ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച കാസര്‍കോട് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന് ആദൂര്‍ എസ്ഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ആദൂര്‍ എസ്ഐ ഉള്‍പെടെയുള്ള അഞ്ചു പേരെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ സ്ഥലമാറ്റത്തിന് രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്. അതേ സമയം രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായല്ല എസ്ഐമാരെ മാറ്റിയതെന്നും ജനറല്‍ ട്രാന്‍സ്ഫറായാണ് മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. ആദൂര്‍ പോലീസില്‍ മൂന്നു മാസം മുമ്പ് ചുമതലയേറ്റ രാജേഷ് അക്രമ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടവര്‍ക്കെതിരെ കഞ്ചാവ്, മണല്‍ മാഫിയ സംഘങ്ങള്‍ക്കെതിരെയും ശക്തമായ നടപടിയാണ് സ്വീകരിച്ചിരുന്നത്.
നേരത്തെ തന്നെ എസ്ഐയെ സ്ഥലം മാറ്റാന്‍ ഭരണതലത്തില്‍ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ എംഎസ്എഫ് പ്രവര്‍ത്തകനായ ഷഫീര്‍ എന്ന യുവാവിനെതിരെ കാപ്പ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് കാണിച്ച് എസ്ഐ ജില്ലാ പോലീസ് ചീഫിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇത് ലീഗ് കേന്ദ്രങ്ങളില്‍ എസ്ഐയോടുള്ള അതൃപ്തിക്ക് കാരണമയി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: