തിരുവല്ല: ചലചിത്ര ആനിമേഷന്‍ വിദഗ്ദ്ധനും തമിഴ് ചലചിത്ര അഭിനേതാവുമായ വള്ളംകുളം കൊടിഞ്ഞൂര്‍ കല്ലമണ്ണില്‍ മാത്യു ടി. മാത്യു (ബെന്‍സണ്‍-38)വിന്റെ നിര്യാണം നാടിന്റെ വേദനയായി. വെള്ളി വൈകിട്ട് വള്ളംകുളത്തെ വീട്ടില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് കുഴഞ്ഞ് വീണാണ് മരണം. അഭ്രപാളികളിലെ നിറമുള്ള സ്വപ്നങ്ങള്‍ ബാക്കിയാക്കി മാത്യു വിടപറയുമ്പോള്‍ അധികമാര്‍ക്കും അറിയാത്ത ഒരു ഓസ്കാര്‍ ബന്ധമാണ് സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. മദ്ധ്യ തിരുവിതാംകൂറിന്റെ സുപരിചിതമല്ലാത്ത ഒരു ഒരു ഓസ്കാര്‍ ബന്ധമാണ് മാത്യുവിന്റെ ജീവിതത്തിനുള്ളത്.2013 ല്‍ നാല് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ എന്ജ് ലീയുടെ ലൈഫ് ഓഫ് പൈ എന്ന സിനിമയുടെ ഭാഗമായി അനിമേഷന്‍ രംഗത്ത് മാത്യു പങ്കുവഹിച്ചിരുന്നു. എറിക് ജാന്‍ ഡി ബോര് ഡൊണാള്‍ഡ് ആര് എലിയറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആനിമേഷന്‍ ജോലികള്‍ ഇന്ത്യയിലെ പ്രധാന ആനിമേഷന്‍ കമ്പനിയായ ടെക്നോ കളര്‍ (എംപിസി) എന്ന ബാംഗ്ളൂര്‍ ആസ്ഥാനമായ സ്ഥാപനവും നിര്‍വഹിച്ചിരുന്നു. എംപിസിയില്‍ മാത്യു ഉള്‍പ്പെടെ ഒട്ടേറെ മലയാളികള്‍ വിഷ്വല്‍ എഫക്റ്റ്സ് സാങ്കേതിക നിര്വ്വണത്തിനുള്ള ആനിമേഷന്‍ ജോലികള്‍ നിര്‍വഹിച്ചു. സിനിമയുടെ ആനിമേഷന്‍ സാങ്കേതിക നിര്‍വ്വഹണത്തില്‍ മാത്യു മുഖ്യ പങ്കുവഹിച്ചിരുന്നതായി സഹ പ്രവര്‍ത്തകര്‍ പറഞ്ഞു. ആനിമേഷന്‍ ചെയ്തവര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച ഓസ്കാര്‍ ശില്‍പ്പത്തിനൊപ്പം ചിത്രമെടുക്കുന്നതിനും ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ ഇന്ത്യയിലെത്തി. ലൈഫ് ഓഫ് പൈയില്‍ കേന്ദ്ര കഥാപാത്രമായ കടുവയും മറ്റ്ജീവികളും ആവാസവ്യവസ്ഥയുമെല്ലാം പൂര്‍ണമായും ആനിമേഷന്‍ സങ്കേതം ഉപയോഗിച്ചാണ് നിര്‍വ്വഹിച്ചത്. റോഷന് ബഷീര്‍ നായകനായ കുബേര രാശി എന്ന സിനിമയില്‍ വില്ലന്‍ വേഷത്തിലും മാത്യു അഭിനയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സിനിമ റിലീസ് ആയത്. ബാംഗ്ളൂരില്‍ നിന്ന് ഏതാനും ദിവസം മുന്‍പ് വള്ളംകുളത്തെത്തിയ മാത്യു അടുത്ത തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. സംസ്കാരം നടന്നു. ഭാര്യ സൗമ്യ മാത്യു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: