കാസര്‍കോട്: പൊയിനാച്ചിയിലെ സെഞ്ച്വറി ദന്തല്‍ കോളേജിലെ ഹൗസ് സര്ജന്മാര് സ്റ്റൈഫന്റ് മുഴുവന്‍ നല്‍കുന്നില്ലെന്നാരോപിച്ച് സമരം തുടങ്ങി. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഹൗസ് സര്ജന്മാര്ക്ക് മാസം 20000 രൂപ വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി മുന്‍ കാല പ്രാബല്യത്തോടു കൂടി ഒരു മാസത്തിനകം നടപ്പാക്കാന്‍ കോടതി പറഞ്ഞിട്ടും മാനേജ്മെന്റ് മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മുതല്‍ ജോലി ബഹിഷ്കരിച്ച് കൊണ്ട് അനിഞ്ചിതകാല സമരം ആരംഭിച്ചത്. നിലവില്‍ ഈ കോളേജില്‍ 1500 രൂപ മാത്രമാണ് പ്രതിമാസ വേതനമായി ഹൗസ് സര്ജന്മാര്ക്ക് നല്‍കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ഗവണ്മെന്റ് കോളേജികളിലേതിന് തത്തുല്യമായ രീതിയില്‍ സ്വാശ്രയ ദന്തല്‍ കോളേജുകളിലും നല്‍കണമെന്നാണ് കോടതി വിധിയെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് രേഖാമൂലം മാനേജ്മെന്റിന് പരാതി നല്‍കിയെങ്കിലും ചര്‍ച്ചയ്ക്ക് പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് നിലവിലുള്ള ബാച്ചിന്റെ ഹൗസ് സര്‍ജന്‍സി ആരംഭിച്ചത്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സമര സമിതി അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ ദന്തല്‍ കോളേജുകളില്‍ കോടതി വിധിപ്രകാരം വര്‍ദ്ധിപ്പിച്ച തുകയായ 20000 നല്കാന് ആരംഭിച്ചതായി സമരക്കാര്‍ പറഞ്ഞു. കോടതി വിധി നടപ്പാക്കി കിട്ടാനായി പരാതിയുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും, ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിനെയും കണ്ടിരുന്നു. സ്വാശ്രയ കോളേജുകള്‍ ആയതിനാല്‍ തന്നെ ഇടപെടാന്‍ സര്‍ക്കാറിന് പരിമിതികള്‍ ഉണ്ടെന്ന് പറഞ്ഞ് നിവേദനം വാങ്ങി വെച്ച് സംഘത്തെ മടക്കി അയക്കുകയായിരുന്നുവെന്ന് സമരക്കാര്‍ വ്യക്തമാക്കി. മാനേജ്മെന്റുകള്‍ അനുകൂലമായ തീരുമാനം സ്വീകരിക്കും വരെ ജോലി ബഹിഷ്കരണ സമരവുമായി മുന്നോട്ട് പോകുമെന്ന് ഓള് കേരള ദന്തല്‍ ഹൗസ് സര്‍ജന്‍സ് അസോസിയേഷന് അറിയിച്ചു.
വര്‍ദ്ധിപ്പിച്ച വേതനം നല്‍കണമെന്നാവശ്യപ്പെട്ട് സെഞ്ച്വറി ദന്തല്‍ കോളേജില്‍ ഹൗസ് സര്ജന്മാര് ആരംഭിച്ച അനിഞ്ചിതകാല സമരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: