തിരൂര്‍: നിള ടൂറിസം പദ്ധതിക്ക് സഹായം അനുവദിക്കരുതെന്ന് കേന്ദ്ര ടൂറിസം വകുപ്പിനോട് ബിജെപി സാംസ്കാരിക വിഭാഗം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പും ഡിടിപിസിയും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്തതിനാല്‍ സഹായം നല്‍കരുതെന്നാണ് ആവശ്യം. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ടൂറിസം കേന്ദ്രമായി തിരുന്നാവായ മാറേണ്ടതുണ്ട്. പക്ഷേ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി തിരുന്നാവായയുടെ പൈതൃകമുമായി പുലബന്ധമില്ലാത്തതാണ്. ഈ അവസ്ഥയില്‍ തുക അനുവദിക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ജൂണ്‍ 16ന് തിരുന്നാവായയിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.തിരുന്നാവായയുടെ പ്രസക്തി മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടക്കല്‍ ടൈല്‍ ഫാക്ടറി സ്ഥിതി ചെയ്തിരുന്ന ഭൂമിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഹെറിട്ടേജ് ഏരിയയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന പുരാവസ്തു വകുപ്പിന് നിര്‍ദ്ദേശം നല്കി.
അതിനുശേഷം ആകര്‍ഷകമായ രീതിയില്‍ പൈതൃക ടൂറിസ്റ്റ് കേന്ദ്രത്തിനുള്ള പദ്ധതി ആവിഷ്ക്കരിക്കാന്‍ ഡിടിപിസി ചെയര്‍മാനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയൊന്നും ഇതുവരെ പാലിച്ചിട്ടില്ല. ടൈല്‍ ഫാക്ടറിയുടെ ഭൂമി പൂര്‍ണ്ണമായും തിരുന്നാവായ തളി ക്ഷേത്രത്തിന്റെ ഭൂമിയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ഇവിടെ സ്ഥിതി ചെയ്തിരുന്ന ശിവക്ഷേത്രം ഭൂമിക്കടിയിലുണ്ടെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തി 2003ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചരിത്ര പ്രസിദ്ധമായ മാമാങ്കം നടന്ന സ്ഥലവും സ്മാരകങ്ങളും രാഷ്ട്രീയ താല്‍പ്പര്യത്തിനും വ്യക്തി താല്‍പ്പര്യത്തിനും വേണ്ടി നശിപ്പിക്കുകയാണ്. തിരുന്നാവായയുടെ യാഥാര്‍ത്ഥ ചരിത്രം മറച്ചുവെച്ചാണ് കേന്ദ്ര ടൂറിസം വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഈ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സാംസ്കാരിക വിഭാഗം ജില്ലാ കണ്‍വീനര്‍ തിരൂര്‍ ദിനേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: