ന്യൂദല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുവാനും പരിഷ്‌കരണത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ 3,250 കോടി രൂപ പ്രഖ്യാപിച്ചു. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മേല്‍പാലങ്ങളും റെയില്‍വേ മേല്‍പാലങ്ങളും തുരങ്കങ്ങളും അനുബന്ധ റോഡുകളും നിര്‍മിക്കുന്നതിനാണ് കേന്ദ്രം തുക അനുവദിച്ചത്. 1500 കോടി രൂപ ദല്‍ഹി സര്‍ക്കാരിനും 1665 കോടി രൂപ ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിക്കും 85 കോടി രൂപ നോര്‍ത്ത് കോര്‍പ്പറേഷനും ലഭിക്കും.
സ്വച്ഛ് ദല്‍ഹി അഭിയാന്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാ രിക്കവെയാണ് വെങ്കയ്യ നായിഡു ഇക്കാര്യം അറിയിച്ചത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു വെങ്കയ്യ നായിഡുവിന്റെ ഈ പ്രഖ്യാപനം. ദല്‍ഹി പോലീസും പിഡബ്ല്യുഡിയും മുന്‍സിപ്പല്‍ സ്ഥാപനങ്ങളുമായി ആലോചിച്ച് പദ്ധതിയുടെ മുന്‍ഗണന തീരുമാനിക്കുമെന്ന് ദല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.
2008ല്‍ ആരംഭിച്ച റാണി ഝാന്‍സി മേല്‍പ്പാലത്തിന്റെ പൂര്‍ത്തീകരണത്തിനായി തുക ചെലവഴിക്കുമെന്ന് നോര്‍ത്ത് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഹോളാമ്പിയില്‍ റെയില്‍വേ അടിപാത, മുണ്ടകയില്‍ റെയില്‍വേ മേല്‍പ്പാലം, നരേലയില്‍ ഒരു റെയില്‍പാലം, ദ്വാരക എക്‌സ്പ്രസ് പാതയുടെ ഭാഗമായി ഭാഗ്യ വിഹാറിലും മീര വിഹാറിലും തുരങ്കങ്ങള്‍ നിര്‍മ്മിക്കും.
എന്‍എച്ച് എട്ട് മുറിച്ചുകടക്കുന്നതിന് ഇത് ഏറെ സഹായിക്കും. കേന്ദ്രത്തിന്റെ സഹായ പ്രഖ്യാപനത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് നോര്‍ത്ത് കോര്‍പ്പറേഷന്‍ മേയര്‍ രവീന്ദ്രര്‍ ഗുപ്ത പറഞ്ഞു.
















