ക്വലാലംപൂര്‍: തമിഴ്‌നാട്ടുകാരായ ഭാരതീയര്‍ ഏറെ പാര്‍ക്കുന്ന കോലാലംപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം ഭാരതീയ-തമിഴ് സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. തമിഴ് ജനതയെ അദ്ദേഹം ഹൃദയത്തോടു ചേര്‍ത്തുവെച്ചു, അവര്‍ അതിലേറെ വികാര തീവ്രതയോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വണക്കം പറഞ്ഞ് യോഗത്തെ അഭിസംബോധന ചെയ്തു തുടങ്ങിയ മോദിയുടെവരികള്‍ ആഹ്ലാദാരവങ്ങളോടെ ജനസഹസ്രം ഏറ്റുവാങ്ങി. ‘ഉങ്കളില്‍ പലര്‍ തമിള്‍നാട്ടൈ ശേര്‍ന്തവര്‍കള്‍, ഉങ്കള്‍ അനൈവര്‍ക്കും വണക്കം, ഇന്ത്യാവിന്‍ വളര്‍ച്ചയില്‍ തമിള്‍നാട്ടിന്‍ പങ്ക് മുക്കിയം’ (നിങ്ങളില്‍ പലരും തമിഴ്‌നാട്ടില്‍നിന്നുള്ളവരാണ്, എല്ലാവര്‍ക്കും വണക്കം, ഭാരതവളര്‍ച്ചയില്‍ തമിഴ്‌നാടിന്റെ പങ്ക് വലുതാണ്) നീണ്ടു നിന്ന കരഘോഷമായിരുന്നു മോദിയുടെ ഈ തുടക്കത്തിന്. തിരുവള്ളുവരുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു, ചങ്ങാത്തം മുഖത്തെ ചിരിയിലല്ല, അത് പുഞ്ചിരിക്കുന്ന ഹൃദയത്തില്‍നിന്നുണ്ടാവണം എന്ന്. ഏതു സാഹചര്യതില്‍, ഏതാവശ്യത്തിനായി വന്നെങ്കിലും എത്ര അകലത്തായാലും ഭാരതത്തോടുള്ള സ്‌നേഹത്തിന് ഒട്ടും കുറവുവരരുതെന്ന് മോദി അഭ്യര്‍ത്ഥിച്ചു.മഹാനായ ഒരു ഭാരത പുത്രനെക്കുറിച്ചുകൂടി ഞാന്‍ പറയട്ടെ.
മാനവികതയുടെ പ്രതീകം, അദ്ദേഹവും തമിഴ്‌നാടിന്റെ തീരത്തുനിന്നാണ്. മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, അദ്ദേഹം 2008-ല്‍ ഇവിടം സന്ദര്‍ശിച്ചു. വീണ്ടും വരാന്‍ അദ്ദേഹത്തിനു പദ്ധതിയുണ്ടായിരുന്നു, ദൈവത്തിനു വേറേ പദ്ധതിയും. എങ്കിലും അദ്ദേഹത്തിന്റെ ജീവിതം, സ്വപ്‌നം, സന്ദേശം എല്ലാം ഇന്നും പ്രചോദനമാണ്. അദ്ദേഹം പറഞ്ഞു: ‘വേറിട്ടു ചിന്തിക്കാന്‍ ധൈര്യമുള്ള യുവാക്കളോടാണ് എന്റെ സന്ദേശം. കണ്ടെത്താനുള്ള ധൈര്യം, അസാധാരണ വഴിയിലൂടെ സഞ്ചരിക്കാനുള്ള ധൈര്യം, അസാധ്യമായത് സാധിക്കാനുള്ള ധൈര്യം. അതിനാല്‍ നിങ്ങളുടെ വിജയത്തില്‍ മലേഷ്യക്കാര്‍ മാത്രമല്ല, 125 കോടി ജനങ്ങളുമുണ്ടാകും സന്തോഷിക്കാനും അഭിമാനിക്കാനുമെന്ന് ഓര്‍മ്മിക്കുക, മോദി പറഞ്ഞു.
















