ക്വലാലംപൂര്‍: സ്വാമി വിവേകാനന്ദനെ ഹൃദയത്തിലും ആത്മാവിലും പ്രതിഷ്ഠിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. മലേഷ്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ പെറ്റാലിങ് ജയയിലെ രാമകൃഷ്ണ മിഷന്‍ ആസ്ഥാനത്തെ വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലേഷ്യന്‍ മണ്ണില്‍ വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. വിവേകാനന്ദന്‍ എന്നത് വെറുമൊരു പേരല്ല. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഭാരതീയ സംസ്‌കാരത്തെയും ജനസമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നതാണ് ആ നാമം, പ്രധാനമന്ത്രി പറഞ്ഞു. ഒരൊറ്റ ഏഷ്യയെന്ന ആശയം ആദ്യം മുന്നില്‍വച്ചത് വിവേകാനന്ദനാണെന്ന കാര്യം വളരെ കുറച്ചുപേര്‍ മാത്രമേ ഓര്‍ക്കുന്നുള്ളൂ.
ഭീകരതയും കാലാവസ്ഥാ വ്യതിയാനവും പോലെ ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഏഷ്യയുടെയും വിവേകാന്ദന്റെയും തത്വചിന്തകള്‍ സഹായിക്കും, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വേദങ്ങള്‍ മുതല്‍ വിവേകാനന്ദന്‍ വരെ ഉള്‍പ്പെട്ട ഭാരത സംസ്‌കാരം സമ്പന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തക്കാരനായ അനില്‍ കുമാര്‍ ഘോഷാണ് വിവേകാനന്ദ ശില്‍പ്പം നിര്‍മ്മിച്ചത്. ശ്രീരാമകൃഷ്ണന്റെ ഭാരതീയനായ ഭക്തനാണ് ശില്‍പ്പനിര്‍മ്മാണത്തിനുള്ള ചെലവ് വഹിച്ചത്. ഭാരതത്തില്‍ നിന്ന് ശില്‍പ്പം കപ്പല്‍ മാര്‍ഗം ക്വലാലംപൂരില്‍ എത്തിക്കാനുള്ള തുക ചെലവിട്ടത് മലേഷ്യക്കാരനും.
യോഗാധ്യാപകന്‍ അജയകുമാര്‍ സാഹു രചിച്ച സമഗ്ര ആരോഗ്യത്തിന് യോഗ (യോഗ ഫോര്‍ ഹോളിസ്റ്റിക് ഹെല്‍ത്ത്) എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. മലയയിലും ഇംഗ്ലീഷിലും പുസ്തകത്തിന്റെ പതിപ്പുകള്‍ ലഭിക്കും.
ഇന്ന് ലോകം യോഗയാല്‍ ആകര്‍ഷിക്കപ്പെട്ടിരിക്കുന്നു. സമ്മര്‍ദ്ദമില്ലാത്ത ജീവിതത്തിനും സമഗ്രമായ ആരോഗ്യത്തിനും യോഗ അതിപ്രധാനം. യോഗയുടെ പ്രചാരം വര്‍ധിപ്പിക്കാനുള്ള പ്രയത്‌നങ്ങള്‍ വേണം. ലോകത്തിന് കൂടുതല്‍ യോഗാധ്യാപകരെ ആവശ്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
















