ദൈവം ആത്മാവാകുന്നു. ബോധം ആത്മാവിനെക്കൊണ്ടുള്ള അറിവാകുന്നു. ഈ അറിവിനെക്കൊണ്ടാകുന്നു ഇഹത്തിലെയും പരത്തിലെയും വ്യവസ്ഥ വച്ചു സര്‍വ്വവും സൃഷ്ടിച്ചത്. എന്നാല്‍ എല്ലാറ്റിനെയും അറിയുന്ന അറിവിന്റെ പൂര്‍ണ്ണതയില്‍ അറിവായ ആത്മാവിന്റെ പ്രതിരൂപമായി ഒടുവില്‍ മനുഷ്യനെ സൃഷ്ടിച്ചു.
തന്മൂലം ആരംഭവും ആധാരവുമായി വന്ന അറിവ് സൃഷ്ടിയുടെ അവസാനത്തില്‍ മനുഷ്യനായിത്തീര്‍ന്നു. ഇതു കൊണ്ടു സര്‍വ്വസൃഷ്ടിയും മനുഷ്യനു സ്വാധീനപ്പെട്ടു പോയി. ഇങ്ങനെ സൃഷ്ടിക്കു കാരണം അറിവായിത്തീര്‍ന്നിരിക്കക്കൊണ്ട് സൃഷ്ടിക്കുള്ള രക്ഷയും അറിവിനാല്‍ തന്നെ ഉണ്ടാകുന്നു. ഇങ്ങനെയിരിക്കുന്നതിനാല്‍ മനുഷ്യന്‍ ആത്മാവാകുന്നു. ബോധം ഈ ആത്മാവിനെക്കുറിച്ചുള്ള അറിവാകുന്നു. ഈ അറിവ് ഒരു മനുഷ്യനായിത്തീര്‍ന്നാല്‍ അവന്‍ ശുഭമാകുന്നു. ഈ ശുഭാനന്ദത്തിന് നാലു യഥാര്‍ത്ഥസ്ഥാനമുണ്ട്.
1. അറിവുകൊണ്ട് ആത്മാവാകണം, 2. അതു പ്രവര്‍ത്തിച്ച് അധികാരിയാകണം, 3. അനുഭവത്തില്‍ അവകാശപ്പെടുത്തണം, 4. വിശ്വാസത്തില്‍ വ്യവസ്ഥപ്പെടുത്തി ഉറപ്പിക്കണം. അപ്പോള്‍ മനസ്സിലും വാക്കിലും പ്രവൃത്തിയിലും അനുഭവത്തിലും ശുഭമെന്നു കാണാം.
















