അടിമാലി: അടിമാലിയില്‍ വര്‍ക്ക്‌ഷോപ്പ് കെട്ടിടം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ 3 പേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കോതമംഗലം കറുക സ്വദേശികളായ മറ്റത്തില്‍ വിജേഷ് (20) ചാലില്‍ പുത്തന്‍പുരയില്‍ ഷാജഹാന്‍(20)ചാലില്‍ പുത്തന്‍പുരയ്‌ക്കല്‍ ദിലീപ് (33) എന്നിവരെയാണ് ശനിയാഴ്ച പുലര്‍ച്ചെ കോതമംഗലത്തുനിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മുപ്പതോളംപ്രതികളുണ്ടെന്നാണ്‌പോലീസിന്റെ നിഗമനം. ഇതുവരെ 14പേര്‍ അറസ്റ്റിലായി. ഇപ്പോള്‍ സിംഗപ്പൂരില്‍ ഉണ്ടെന്നു കരുതുന്ന ചാലക്കുടി സ്വദേശി ബ്രൂസി പെരേര ഉള്‍പ്പെടെ 16 പേര്‍ ഒളിവിലാണ്.
ഇപ്പോള്‍ വിജേഷും ദിലീപും വധശ്രമക്കേസിലും അടിപിടിക്കേസിലും പ്രതികളാണ്. ഇതില്‍ ഷാജഹാന്‍ ബജരംഗദള്‍ പ്രവര്‍ത്തകന്‍ കലേഷിനെ കൊന്ന കേസിലെ പ്രതിയുമാണ്. കഴിഞ്ഞ 17നാണ് ക്വട്ടേഷന്‍ സംഘം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കെട്ടിടം ഒഴിപ്പിച്ചത്. സംഭവത്തിന് മൂന്നുദിവസം മുന്‍പ് കോതമംഗലത്ത് നിന്ന് മുപ്പതോളം പേര്‍ അര്‍ദ്ധരാത്രിയോടെ റൂട്ടിലോടുന്ന സ്വകാര്യ ബസ് സംഘടിപ്പിച്ച് അടിമാലിയിലെത്തി സംഭവ സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയതായും പിടിയിലായവര്‍ പറഞ്ഞു. ഒക്ടോബര്‍ മാസം 9ന് കെട്ടിടം പൊളിക്കുന്നതിന് വേണ്ടി പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അനുവാദം നല്‍കിയതായി സൂചനയുണ്ട്. കെട്ടിടം പൊളിക്കുന്നതിന് അനുമതി ആവശ്യമില്ലെന്നിരിക്കെ സെക്രട്ടറിയുടെ ഇടപെടലില്‍ ദുരൂഹതയുള്ളതായി ആക്ഷേപമുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
















