അവതാരങ്ങള്‍ അനവധിയാണ്. ശ്രീമദ് ഭാഗവതം തന്നെ ഇരുപത്തിയഞ്ചോളം അവതാരങ്ങളെ പ്രകീര്‍ത്തിക്കുന്നു. ഉറവ വറ്റാത്ത തടാകത്തില്‍ നിന്ന് അനേകം തോടുകള്‍ ഉണ്ടാകുന്നതുപോലെ അവതാരങ്ങള്‍ ഉണ്ടാകുന്നു. മരീചി തുടങ്ങിയ പ്രജാപതികള്‍, നാരദന്‍ തുടങ്ങിയ ഋഷികള്‍, മനുക്കളില്‍ വൈവസ്വതന്‍ തുടങ്ങിയവര്‍, മനുപുത്രന്മാര്‍ ഇവരൊക്കെ അവതാരങ്ങളില്‍പ്പെടുന്നു.
ഏതു കാലത്തും ഏതു രൂപത്തിലും അവതാരങ്ങള്‍ ആവിര്‍ഭവിക്കാമെന്ന് ഗീതയും അരുളുന്നു.
എന്തിനാണീ അവതാരങ്ങള്‍? ഭഗവാന്‍ ദിവ്യദേഹം സ്വീകരിക്കുന്നത് ഭക്തന്മാരെ സംരക്ഷിച്ച് അവരെ പരമ സായൂജ്യപദവിയിലെത്തിക്കാനാണ്. അവതാരങ്ങള്‍ അനേകമുണ്ടെങ്കിലും അവ മൂന്നു വിധത്തില്‍ പ്രത്യക്ഷീഭവിക്കുന്നു. ആവേശാവതാരം, അംശാവതാരം, പൂര്‍ണ്ണാവതാരം. കല്പാവതാരവും യുഗാവതാരവും ഇതിലുള്‍പ്പെടുന്നു. ഈ അവതാരങ്ങള്‍ക്കെല്ലാം പ്രത്യക്ഷ ലക്ഷണങ്ങളും ശാസ്ത്രങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട്.
ഇനി ഭഗവാനാരാണ്? ആറ് ഗുണഭാവങ്ങളുടെ മൂര്‍ത്തിമദ് ഭാവമാണ് ഭഗവാന്‍. ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം ഈ ഗുണങ്ങളാറും ചേര്‍ന്നത് ഭഗം. ഭഗം ഉള്ളവന്‍ ഭഗവാന്‍.
ദ്വാപരയുഗത്തില്‍ ഷഡ്ഗുണ സമ്പന്നനായി അവതരിച്ച ശ്രീകൃഷ്ണനെ വ്യാസന്‍ പൂര്‍ണ്ണാവതാരമെന്ന് വിശേഷിപ്പിച്ചു. ഈ ഷഡ്ഗുണഭാവങ്ങളുടെ പരിപൂര്‍ണ്ണതയോടെ കലിയുഗാവതാരമായി ഭഗവാന്‍ ശ്രീസത്യസായിബാബയും തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിച്ചു.
ഈ പൂര്‍ണ്ണാവതാരത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പുരാണങ്ങളിലും, അന്യമത ഗ്രന്ഥങ്ങളിലും, നാഡി ഗ്രന്ഥങ്ങളിലും പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. അവതാരകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഓരോ അവതാരവും സ്വേച്ഛയാ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. പൂര്‍വ്വാവതാരങ്ങള്‍ പലതും ശത്രുനിഗ്രഹത്തിനും, സാധുസംരക്ഷണത്തിനും, ധര്‍മ്മ പുനഃസ്ഥാപനത്തിനും ശസ്ത്രാസ്ത്രങ്ങളാണ് തെരഞ്ഞെടുത്തത്. എന്നാല്‍ സായി അവതാരം പ്രേമഗംഗാ പ്രവാഹം കൊണ്ടാണ് ശത്രുസംഹാരവും, സാധുജന സംരക്ഷണവും, ധര്‍മ്മ പുന:സ്ഥാപനവും നടത്താന്‍ മാര്‍ഗ്ഗദീപം തെളിച്ചത്.
പവിത്രമായ പ്രേമം കൊണ്ട് മനുഷ്യമനസ്സിനെ രൂപാന്തരപ്പെടുത്തുന്നു. ഏതു ദുഷ്ടനേയും അധമനേയും, പ്രേമാമൃതം പൊഴിച്ച് മാനസാന്തരപ്പെടുത്തി വിശുദ്ധ മാര്‍ഗ്ഗത്തിലേയ്‌ക്ക് വെളിച്ചം കാണിച്ചു കൊടുക്കുന്നു. ആ വെളിച്ചത്തില്‍ തെളിയിച്ചു കാണിച്ചത് പഞ്ചമഹാമൂല്യങ്ങലാണ്. സത്യം, ധര്‍മ്മം, ശാന്തി, പ്രേമം, അഹിംസ. വര്‍ത്തമാനകാലത്തില്‍ ഈ പഞ്ചമഹാ മൂല്യങ്ങള്‍ക്കാണ് ച്യുതി സംഭവിച്ചത്.
അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സമൂഹം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതിനൊരു പരിഹാരം കണ്ടെത്തി ശാന്തിയും സമാധാനവും ധര്‍മ്മവും പുന:സ്ഥാപിക്കുകയാണ് എന്റെ ലക്ഷ്യമെന്ന് വ്യക്തമായി തന്നെ ഭഗവാന്‍ അരുളുന്നു.
”ഞാന്‍ ആരുടേയും വിശ്വാസം തകര്‍ക്കാനോ, പുതിയതൊന്ന് സ്ഥാപിക്കാനോ വന്നതല്ല. ഹിന്ദു നല്ല ഹിന്ദു ആകുക, ക്രിസ്ത്യാനി നല്ല ക്രിസ്ത്യാനിയാകുക. മുസ്ലീം നല്ല മുസ്ലീമാകുക. ഈശ്വരനിലേക്കുള്ള ആ പഴയ രാജപാത വെടിപ്പാക്കി നിങ്ങളെ നേര്‍വഴി നടത്താന്‍ വന്നവനാണ് ഞാന്‍.”
ഹിന്ദു നല്ല ഹിന്ദു ആകണമെങ്കില്‍ ധര്‍മ്മാനുസൃതമായ അവന്റെ ആചാരാനുഷ്ഠാനങ്ങള്‍ യാതൊരു ലോപവും കൂടാതെ അനുഷ്ഠിക്കുകയും, മന:ശുദ്ധിക്കുവേണ്ടി വ്രതങ്ങള്‍ മുതലായവയാല്‍ സര്‍വ്വേശ്വര സ്മരണയോടെ വിധി കര്‍മ്മങ്ങള്‍ സമര്‍പ്പിക്കുകയുമാണ് ചെയ്യേണ്ടത്.
നന്മയിലേക്കുള്ള ഈ പ്രയാണം ചെന്നെത്തുന്ന പരമമായ സത്യത്തിലേക്കും ഭഗവാന്‍ വിരല്‍ ചൂണ്ടുന്നു. ”നീയും ഈശ്വരനാണ്. ഞാനും നീയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഞാന്‍ ഈശ്വരനാണ്; നീയും ഈശ്വരന്‍ തന്നെ. പക്ഷേ, നിനക്ക് ആ സത്യം അറിയില്ല. എനിക്കതറിയാം. നിങ്ങളെ ഓരോരുത്തരേയും ആ സത്യം ബോധ്യപ്പെടുത്തുകയാണ്, അനുഭവിപ്പിക്കുകയാണ് എന്റെ അവതാരോദ്ദേശം.”
അതുപോലെ തന്നെ സമൂഹം ഇന്ന് അനുവര്‍ത്തിച്ചു വരുന്ന വന്‍ സാമൂഹ്യ വിപത്തുകളെക്കുറിച്ച് ഭഗവാന്‍ ഭംഗ്യന്തരേണ സൂചന നല്‍കുന്നു. വിദ്യയും, വൈദ്യവും, ദാഹജലവുമൊക്കെ ഇവിടെ വില്പനചരക്കാക്കിയിരിക്കുന്നു.
(തുടരും)
















