ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റിന് ജയം. ഇന്നലെ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്‌സിയെ കീഴടക്കി. 41-ാം മിനിറ്റില്‍ ബ്രൂണോ ഹെരേരോയും 85-ാം മിനിറ്റില്‍ കമാറയുമാണ് വടക്കു കിഴക്കിന്റെ ഗോള്‍ നേടിയത്.
വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് 11 കളികളില്‍ നിന്ന് 16 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കളി ആദ്യ തുടങ്ങി ഒരുമിനിറ്റ് ആവുന്നതിന് മുന്‍പ് മുംബൈക്ക് ആദ്യ അവസരം. ഇടതുവിംഗില്‍ നിന്ന് അഗ്വിലേറ ബോക്‌സിലേക്ക് നീട്ടിനല്‍കിയ പന്ത് നിലം തൊടുന്നതിന് മുന്‍പ് സരണ്‍ സിങ് വലംകാലന്‍ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് പാഞ്ഞത്
ഗോള്‍കീപ്പര്‍ രഹ്‌നേഷിന്റെ നേര്‍ക്ക്. രണ്ടാം മിനിറ്റില്‍ വീണ്ടും മുംബൈക്ക് അവസരം. കീഗന്‍ പെരേര നല്‍കിയ പാസ് സ്വീകരിച്ച് നിക്കോളാസ് അനല്‍ക്ക പായിച്ച ഷോട്ട് മികച്ച രീതിയില്‍ രഹ്‌നേഷ് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ അനല്‍ക്കയുടെ മുന്നേറ്റം ഓഫ് സൈഡ് കെണിയില്‍പെട്ട് അവസാനിച്ചു. എട്ടാം മിനിറ്റില്‍ വീണ്ടും അവസരം ലഭിച്ചെങ്കിലും രഹ്‌നേഷ്അവസരത്തിനൊത്തുയര്‍ന്ന് രക്ഷകനായി.
പിന്നീട് ഏറെ നേരം പന്ത് മൈതാനമധ്യത്ത് തങ്ങിനിന്നു. 27-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ബ്രൂണോ ഹെരേരോയുടെ ലോങ് ഷോട്ട് മാനംമുട്ടെ പറന്നു. 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍. നോര്‍ത്ത് ഈസ്റ്റ് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് വലയിലെത്തിയത്.
റോവില്‍സണ്‍ റോഡ്രിഗസ് നോര്‍ത്ത് ഈസ്റ്റിന്റെ കമാറയെ ഫൗള്‍ ചെയ്തതിനാണ് സ്‌പോട്ട് കിക്ക്. ബ്രൂണോ ഹെരേരോ എടുത്ത കിക്കിന്റെ ദിശ മനസ്സിലാക്കി ഗോള്‍ കീപ്പര്‍ സുബ്രതാ പാല്‍ ഡൈവ് ചെയ്‌തെങ്കിലും പന്ത് വലയില്‍ കയറി. രണ്ട് മിനിറ്റിനുശേഷം മുംബൈക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുംബൈയുടെ മുന്നേറ്റം. അനല്‍ക്കയും ഛേത്രിയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ഫ്രഞ്ച് താരത്തിന്റെ കാലുകളില്‍. അനല്‍ക്ക പന്തുമായി ബോക്‌സില്‍ പ്രവേശിച്ചശേഷം നോര്‍ത്ത് ഈസ്റ്റ് താരങ്ങളുടെ ഇടയിലൂടെ ഇടംകാലുകൊണ്ട് ഷോട്ട് പായിച്ചെങ്കിലും രഹ്‌നേഷ് പന്ത് കയ്യിലൊതുക്കി. തൊട്ടടുത്ത മിനിറ്റില്‍ പന്തുമായി മുംബൈ ബോക്‌സില്‍ പ്രവേശിച്ച ശേഷം ഡാഡ്‌സെ നല്‍കിയ പാസ് സെയ്ത്യന്‍ സിങ് വലംകാലന്‍ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും സുബ്രതാപാല്‍ തട്ടിയിട്ടു.
റീബൗണ്ട് പന്ത് പിടിച്ചെടുത്ത് സെയ്ത്യന്‍ വീണ്ടും ഷോട്ട് ഉതിര്‍ത്തെങ്കിലും സൈഡ് നെറ്റില്‍ പതിച്ചു. മത്സരത്തിലുടനളം നിരവധി അവസരങ്ങളാണ് മുംബൈ താരങ്ങള്‍ തുറന്നെടുത്തതെങ്കിലും അനല്‍ക്കയും ബെനാക്കറും ഛേത്രിയും പകരക്കാരനായി ഇറങ്ങിയ സോണി നോര്‍ദെയും ഉള്‍പ്പെടെയുള്ളവര്‍ തുലച്ചു കളഞ്ഞത്. ഇതിനിടെ 85-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് ഉയര്‍ത്തി. പകരക്കാരനായി ഇറങ്ങിയ സിമാവോ എടുത്ത ഫ്രീകിക്കാണ് കമാറ മുംബൈ വലയിലെത്തിച്ചത്. ഇഞ്ചുറി സമയത്ത് ഒരിക്കല്‍ കൂടി നോര്‍ത്ത്ഇസ്റ്റ് മുംബൈ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
















